കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുനെ കണ്ടെത്താൻ മുഴുവൻ മണ്ണും നീക്കി പരിശോധിക്കുമെന്ന് മേജർ അഭിഷേക്. ലോറി റോഡിൻ്റെ വശത്തുണ്ടാകാമെന്ന സംശയം ഇപ്പോഴുമുണ്ട്, അത് ദൂരീകരിക്കും. നാളെ റഡാർ ഉപയോഗിച്ച് തെരച്ചിൽ നടത്തുമെന്നും മേജർ അഭിഷേക് വ്യക്തമാക്കി.
ലോറി മണ്ണിനടിയിൽ ഇല്ലെന്നും ലോറിക്ക് വേണ്ടിയുള്ള തെരച്ചിൽ പുഴയിലേക്ക് വ്യാപിപ്പിക്കുകയാണെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ നേരത്തെ പറഞ്ഞിരുന്നു. ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്തെ 98 ശതമാനം മണ്ണും നീക്കി കഴിഞ്ഞു. ഇനി മണ്ണിനടിയിൽ ലോറി ഉണ്ടാകാനുള്ള സാധ്യതയില്ല. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ഇനി കൂടുതൽ മണ്ണ് നീക്കി പരിശോധന നടത്താനാവില്ല. പുഴയിലെ തെരച്ചിൽ അതിസങ്കീർണമാണെന്നും കരസേനയുടേയും നാവിക സേനയുടേയും ഉപദേശത്തിന് കാക്കുകയാണെന്നാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.
അതേ സമയം റവന്യൂ മന്ത്രിയെ തള്ളി രഞ്ജിത് ഇസ്രയേൽ രംഗത്തെത്തി. ലോറി കരയിൽ ഇല്ലെന്ന റവന്യൂ മന്ത്രിയുടെ വാക്ക് അംഗീകരിക്കാനാകില്ലെന്നും റോഡിൻ്റെ വശങ്ങളിൽ മണ്ണ് നീക്കി പരിശോധിക്കുമെന്നും രഞ്ജിത്ത് അറിയിച്ചു.
മൂന്ന് വലിയ വാഹനങ്ങളിലായി 40 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. ലോറി ഡ്രൈവറായ അർജുനെ കണ്ടെത്തുവാനുള്ള ശ്രമം ആറാം ദിവസവും പുരോഗമിക്കുകയാണ്. കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവസ്ഥലം സന്ദർശിച്ചു.