NEWSROOM

എല്‍പിജി കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സമയപരിധിയില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി

പ്രതിപക്ഷ നേതാവ് വിഡി സതീശൻ അയച്ച കത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

വ്യാജന്മാരെ നിയന്ത്രിക്കാനായി എണ്ണ വിപണന കമ്പനികള്‍ എല്‍പിജി ഉപയോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ മസ്റ്ററിങില്‍ സമയപരിധി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇ-കെവൈസി പ്രക്രിയ മൂലം പ്രായമാവര്‍ക്കും, സ്ത്രീകള്‍ക്കും ഉണ്ടാകുന്ന അസൗകര്യത്തെക്കുറിച്ച് വി ഡി സതീശന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇ-കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എണ്ണ വിപണന കമ്പനികള്‍ ഒന്നിലധികം ഓപ്ഷനുകള്‍ ഒരുക്കിയിട്ടുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.

എല്‍പിജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിന്റെ പക്കലാണോ എന്ന് ഉറപ്പാക്കാനാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെവൈസി അഥവാ മസ്റ്ററിങ് എന്ന് പറയുന്നത്. എല്‍പിജി ഗ്യാസ് കണക്ഷന്‍ മസ്റ്ററിങ് ചെയ്യണമെന്ന ഉത്തരവ് വന്നതോടെ ഉപയോക്താക്കള്‍ക്ക് ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ വലിയ ക്യൂ ആണ് രൂപപ്പെട്ടത്.

എന്നാല്‍ എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിങ് നടപടികള്‍ ഇല്ലെന്നും എണ്ണ വിപണന കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ വഴിയോ, എല്‍പിജി സിലിണ്ടര്‍ ഡെലിവറി ഉദ്യോഗസ്ഥരുമായി നേരിട്ടോ ഇ-കെവൈസി പ്രോസസ്സ് ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. അതായത് എല്‍പിജി സിലിണ്ടര്‍ വീടുകളില്‍ വിതരണം ചെയ്യുമ്പോള്‍ തന്നെ ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താക്കളുടെ ആധാര്‍ അടക്കമുള്ള രേഖകകള്‍ പരിശോധിക്കുകയും അതിനു ശേഷം മൊബൈല്‍ ആപ് വഴി രേഖകള്‍ അപ് ലോഡ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി വഴി ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങ് പൂര്‍ത്തീകരിക്കാനാകും. ആവശ്യമെങ്കില്‍ വിതരണ കേന്ദ്രത്തില്‍ എത്തി പരിശോധന നടത്താമെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT