NEWSROOM

കാത്തിരിപ്പ് തുടരും, അബ്ദുള്‍ റഹീമിന് അനുകൂല വിധിയില്ല; രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും

റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല

Author : ന്യൂസ് ഡെസ്ക്

റിയാദിൽ ജയിൽമോചനം കാത്തുകഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹീമിന്റെ മോചനം വൈകും. റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

സൗദി പൗരന്‍റെ മരണത്തെ തുടർന്ന് 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിന് സൗദി കുടുംബം 35 കോടിയാണ്‌ ആവശ്യപ്പെട്ടത്‌. അബ്ദുള്‍ റഹീമിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ 47,87,65,347 രൂപയാണ് അബ്ദുറഹീം നിയമസഹായസമിതി ട്രസ്റ്റ് സമാഹരിച്ചത്. 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീൽ ഫീസ് ഒന്നരക്കോടിയും ഉൾപ്പെടെ 36.27 കോടി രൂപ മോചനത്തിനായി ഇതിനകം വിനിയോഗിച്ചു കഴിഞ്ഞു. 1,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുണ്ട്‌. അബ്ദുള്‍ റഹീം നാട്ടിലെത്തിയശേഷം തുക എന്തു ചെയ്യണമെന്ന് ട്രസ്റ്റ് തീരുമാനമെടുക്കുമെന്ന് ചെയർമാൻ കെ. സുരേഷ് കുമാർ അറിയിച്ചു.

അതേസമയം, റിയാദിൽ ജയിലിൽ എത്തി റഹീമിനെ നേരിൽ കണ്ട കുടുംബം നാട്ടില്‍ തിരിച്ചെത്തി. മോചന ഉത്തരവിൽ കോടതി ഒപ്പ് വെച്ചാൽ റഹീമിന് 18 വർഷത്തെ ജയിൽ വാസത്തിന് അവസാനമാകും.

2006 നവംബറിലാണ് അബ്ദുള്‍ റഹീം റിയാദിലെത്തിയത്. സ്‌പോണ്‍സറായ ഫായിസ് അബ്ദുള്ള അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത മകന്‍ അനസിനെ പരിചരിക്കുകയായിരുന്നു റഹീമിന്‍റെ ചുമതല. 2006 ഡിസംബര്‍ 24ന് അബ്ദുള്‍ റഹീമിന്റെ കൂടെ ജിഎംസി വാനില്‍ യാത്ര ചെയ്യവേ ട്രാഫിക് സിഗ്നല്‍ മുറിച്ച് കടക്കാന്‍ അനസ് റഹീമിനോട് ആവശ്യപ്പെട്ടു. എന്നാല്‍ റഹീം ഇത് അനുസരിച്ചില്ല. ഇതില്‍ ദേഷ്യം വന്ന അനസ് അബ്ദുള്‍ റഹീമിന്റെ മുഖത്ത് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭക്ഷണം കഴിക്കാന്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ അബ്ദുള്‍ റഹീമിന്‍റെ കൈ തട്ടി അനസ് മരിക്കുകയായിരുന്നു.

SCROLL FOR NEXT