NEWSROOM

പവർ ഗ്രൂപില്‍ പ്രതികരണമുണ്ടായേക്കില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ രണ്ട് തട്ടിലായി എഎംഎംഎ

എഎംഎംഎ  എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ടായിരുന്നു.   പവർ ഗ്രൂപ്പ്, നടിമാരുടെ വെളിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിലെ പ്രതികരണം പ്രശ്നമാകുമെന്നാണ് എഎംഎംഎയുടെ വിലയിരുത്തൽ

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തില്‍ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ അംഗങ്ങൾ രണ്ടു തട്ടിൽ. വാർത്താസമ്മേളനം നടത്തുന്നതിനോട് സംഘടനയിൽ കടുത്ത വിയോജിപ്പാണ് ഉയർന്നിരിക്കുന്നത്. നിലപാട് പരസ്യപ്പെടുത്തണമെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് ഭാരവാഹികൾ അടക്കമുള്ളവർ നിലപാടെടുത്തിരിക്കുകയാണ്.

എഎംഎംഎ  എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ടായിരുന്നു. പവർ ഗ്രൂപ്പ്, നടിമാരുടെ വെളിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിലെ പ്രതികരണം പ്രശ്നമാകുമെന്നാണ് എഎംഎംഎയുടെ വിലയിരുത്തൽ. മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കി പത്രക്കുറിപ്പിൽ നിലപാട് ഒതുക്കാനും ആലോചന നടക്കുന്നതായാണ് സൂചന.

മലയാള സിനിമ മേഖലയെ നിശിതമായി വിമർശിച്ചു കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും കാസ്റ്റിങ് കൗച്ചും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.  മലയാള സിനിമ നിയന്ത്രിക്കുന്നത് കുറിച്ച് നിർമാതാക്കളും സംവിധായകരും നടന്മാരും പ്രൊഡക്ഷൻ കൺട്രോളർമാരുമാണ്.ഈ കൂട്ടത്തിലെ ആരുടെയെങ്കിലും സിനിമയിൽ ലൈംഗിക അതിക്രമം എന്ന് പരാതിപ്പെട്ടാൽ ആ സിനിമയിൽ നിന്ന് മാത്രമല്ല എല്ലാ സിനിമകളിൽ നിന്നും വിലക്കും.

നടന്മാരും പലപ്പോഴും ഈ ശക്തികൾക്ക് ഇരകളാണെന്നും റിപ്പോർട്ടില്‍‌ പറയുന്നു. സിനിമ ലൊക്കേഷനുകള്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല കമന്‍റുകള്‍ ഉണ്ടാകുന്നു. മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ഇവരോട് മോശമായി പെരുമാറുന്നു. സോഷ്യല്‍ മീഡിയയിലൂടെ കടുത്ത സൈബര്‍ ആക്രമണം ഇവര്‍ നേരിടുന്നു. വേതനത്തിലടക്കം ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നു എന്നിങ്ങനെ മലയാള സിനിമ അടിമുടി സ്ത്രീവിരുദ്ധം എന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തല്‍.


SCROLL FOR NEXT