NEWSROOM

ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ഭിന്നശേഷിക്കാരോട് വിവേചനം പാടില്ല; മാ‍ർ​ഗ നിർദേശങ്ങളുമായി സുപ്രീം കോടതി

സോണി പിക്‌ചേഴ്‌സ് നിർമ്മിച്ച 'ആംഖ് മിച്ചോളി' എന്ന സിനിമയിൽ ഭിന്നശേഷിക്കാരായ വ്യക്തികളെ വിവേകശൂന്യമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ആക്ടിവിസ്റ്റ് നിപുൺ മൽഹോത്ര സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.

Author : ന്യൂസ് ഡെസ്ക്

ദൃശ്യ മാധ്യമങ്ങളിൽ ഭിന്നശേഷിക്കാരെയും വികലാം​ഗരെയും ചിത്രീകരിക്കുന്നതിലുള്ള വിവേചനങ്ങൾ തടയുന്നതിനായി മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. സിനിമകളിലും ദൃശ്യ മാധ്യമങ്ങളിലുമുള്ള മുടന്തൻ, മന്ദബുദ്ധി എന്നീ പദപ്രയോ​ഗങ്ങൾ ഒരാളെ താഴ്ത്തിക്കെട്ടുന്നതിന് സമാനമാണെന്നും, സമൂഹത്തിൽ അം​ഗീകരിക്കാൻ സാധിക്കാത്തതാണെന്നും സുപ്രീം കോടതി പറഞ്ഞു.

വിവേചനം കാണിക്കുന്നതും മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതുമായ വാക്കുകള്‍ പ്രയോഗിക്കരുത്, സാമൂഹികമായി അവഗണന കാണിക്കുന്ന ഭാഷ പ്രയോഗിക്കരുത്, മിത്തുകള്‍ അടിസ്ഥാനമാക്കരുത്, വൈകല്യമുള്ളവര്‍ക്ക് സൂപ്പർ സെൻസറി പവർ വർദ്ധിക്കുമെന്നത് എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നില്ല, വൈകല്യങ്ങളെക്കുറിച്ച് മതിയായ മെഡിക്കൽ വിവരങ്ങൾ പരിശോധിക്കണം, ഭിന്നശേഷിക്കാരുമായി കൂടിയാലോചിച്ച ശേഷം അവരെ ചിത്രീകരിക്കുകയെന്നത് അവരുടെ അവകാശ സംരക്ഷണത്തില്‍ ഉള്‍പ്പെടുന്നു, തുടങ്ങിയ മാർഗനിർദ്ദേശങ്ങളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.

സോണി പിക്‌ചേഴ്‌സ് നിർമ്മിച്ച 'ആംഖ് മിച്ചോളി' എന്ന സിനിമയിൽ ഭിന്നശേഷിക്കാരായ വ്യക്തികളെ വിവേകശൂന്യമായി ചിത്രീകരിച്ചു എന്നാരോപിച്ച് ആക്ടിവിസ്റ്റ് നിപുൺ മൽഹോത്ര സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസ്. ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് സിനിമകളിലെ വിവേചനത്തിൻ്റെ സ്റ്റീരിയോ ടൈപ്പിങ്ങിനെതിരെയുള്ള വിധി പ്രസ്താവിച്ചത്. സുപ്രധാന വിധിയെന്നാണ് ജസ്റ്റിസ്. ജെ.ബി. പർദ്ദിവാല ഈ വിധിയെ വിശേഷിപ്പിച്ചത്. വികലാംഗൻ, മന്ദബുദ്ധി തുടങ്ങിയ പദങ്ങളുടെ ഉപയോഗം അപമാനകരമാണെന്നും ജസ്റ്റിസ്. ജെ.ബി. പർദ്ദിവാല അപലപിച്ചു.

പദങ്ങൾ സ്ഥാപനപരമായ വിവേചനങ്ങൾ വളർത്തിയെടുക്കുന്നു എന്നും, "മുടന്തൻ", "മന്ദബുദ്ധി", "വികലാംഗൻ" തുടങ്ങിയ പദപ്രയോ​ഗങ്ങൾ സമൂഹത്തിൽ ഭിന്നശേഷിക്കാരെ മോശമായി ചിത്രീകരിക്കുന്നവ ആണെന്നും വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. സിനിമയുടെ സ്ക്രീനിങ്ങിന് മുൻപ് ഫിലിം സർട്ടിഫിക്കേഷൻ ബോഡി, സിബിഎഫ്‌സി, വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങൾ നിരത്തി ബെഞ്ച് പറഞ്ഞു.

SCROLL FOR NEXT