NEWSROOM

അവര്‍ യാത്രയായി; കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിട ചൊല്ലി നാട്

കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികളിൽ 4 പേരുടെ സംസ്കാരം കഴിഞ്ഞു.ചികിത്സയിൽ കഴിയുന്ന മലയാളികള്‍ അപകട നില തരണം ചെയ്തു.

Author : ന്യൂസ് ഡെസ്ക്

കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികളിൽ നാല് പേരുടെ സംസ്കാര ചടങ്ങുകൾ നടന്നു. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ,പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരൻ, കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്ജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ് എന്നിവരുടെ സംസ്കാരമാണ് നടന്നത്. മൃതദേഹങ്ങൾ ഇന്നലെ തന്നെ നാട്ടിലെത്തിയെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാലാണ് ചടങ്ങുകൾ നീട്ടി വെച്ചത്. നാട്ടില്‍ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളില്‍ നാട്ടുകാരും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു.വൻ ജനാവലിയാണ് മൃതദേഹങ്ങൾ അവസാനമായി കാണാൻ തടിച്ചു കൂടിയത്.

പായിപ്പാട് സ്വദേശി ഷിബു വർഗീസ്, തിരുവല്ല സ്വദേശി തോമസ് സി.ഉമ്മൻ, ഇത്തിത്താനം സ്വദേശി ശ്രീഹരി എന്നിവരുടെ സംസ്കാരം നാളെയാണ്. കോന്നി സ്വദേശി സജു വർഗീസ്, കീഴ്വായ്പുര്‍ സ്വദേശി സിബിൻ എബ്രഹാം, പാണ്ടനാട് സ്വദേശി മാത്യു തോമസ്, പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു എന്നിവരുടെ സംസ്കാരം തിങ്കളാഴ്ചയും നടക്കും.

തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്. 14 മലയാളികളടക്കം 31 ഇന്ത്യക്കാരാണ് വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നത്. ചികിത്സയിൽ കഴിയുന്ന 14 മലയാളികളും അപകട നില തരണം ചെയ്തെന്ന ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പരിക്കേറ്റ 14 മലയാളികളിൽ ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്.ബാക്കിയുള്ള 13 പേരിൽ ആരുടെയും നില ഗുരതരമല്ല. ഇവരെ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.അൽ അദാൻ, മുബാറക്ക് അൽ കബീർ, അൽ ജാബർ,ജഹ്റ ഹോസ്‌പിറ്റൽ, ഫർവാനിയ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഇന്ത്യൻ വ്യോമസേന വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ദേഹങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും ചേർന്നാണ് ഏറ്റുവാങ്ങിയത്. തുടർന്ന് വിമാനത്താവളത്തിൽ പൊതു ദർശനത്തിനു വെച്ച മൃതദേഹങ്ങളിൽ സർക്കാരും രാഷ്ട്രീയ നേതാക്കളും ആദരാഞ്ജലികൾ അർപ്പിച്ചു. ട്രാഫിക് സംവിധാനം ക്രമീകരിച്ച് പൈലറ്റ് വാഹനത്തിന്‍റെ അകമ്പടിയോടെ പ്രത്യേക ആംബുലന്‍സുകളിലാണ് മൃതശരീരങ്ങൾ വീടുകളിൽ എത്തിച്ചത്.

SCROLL FOR NEXT