സ്കൂട്ടർ നഷ്ടപ്പെട്ട ശ്രീജ 
NEWSROOM

'മാതൃകയായി' കള്ളൻ! പത്തനംതിട്ടയിൽ മോഷ്ടിച്ച സ്കൂട്ടറിലുണ്ടായിരുന്ന രേഖകൾ ഉടമയ്ക്ക് തിരികെ നൽകി മോഷ്ടാവ്

സ്‌കൂട്ടറിനികത്തെ വിലപ്പിടിപ്പുള്ള രേഖകൾ തിരികെ നൽകണമെന്ന് അപേക്ഷിച്ച് പന്തളം സ്വദേശിനി ശ്രീജ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് മോഷ്ടാവ് രേഖകൾ തിരിച്ചു നൽകിയത്.

Author : ന്യൂസ് ഡെസ്ക്

കട്ട മുതൽ ആരും തിരിച്ചു നൽകില്ലെന്നാണല്ലോ പറയാറ്. പക്ഷെ കട്ടതിലെ ചില വിലപ്പെട്ട രേഖകൾ തിരികെ നൽകിയിരിക്കുകയാണ് പത്തനംതിട്ടയിലെ ഒരു കള്ളൻ. മോഷ്ടിച്ച സ്കൂട്ടറിനൊപ്പമുണ്ടായിരുന്ന രേഖകളാണ് കള്ളൻ തിരികെ നൽകിയത്. സ്‌കൂട്ടറിനികത്തെ വിലപ്പിടിപ്പുള്ള രേഖകൾ തിരികെ നൽകണമെന്ന് അപേക്ഷിച്ച് പന്തളം സ്വദേശിനി ശ്രീജ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് മോഷ്ടാവ് രേഖകൾ തിരിച്ചു നൽകിയത്.


മെയ് മാസം ഒന്നാം തീയതിയാണ് പന്തളം കുരമ്പാലയിൽ കുടുംബശ്രീ ഹോട്ടൽ നടത്തുന്ന ശ്രീജയുടെ സ്കൂട്ടർ മോഷണം പോവുന്നത്. തൊട്ടടുത്ത ദിവസം തന്നെ സമീപത്തെ കടയിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അടക്കം സമർപ്പിച്ച് ശ്രീജ പൊലീസിൽ പരാതി നൽകി. പിന്നീടാണ് സ്കൂട്ടറിൽ വിലപിടിപ്പുള്ള ചില രേഖകൾ ഉണ്ടെന്ന് ശ്രീജ തിരിച്ചറിഞ്ഞത്. കള്ളനെ പറ്റി ഒരു വിവരവും ലഭിക്കാതെ വന്നതോടെ രേഖകൾ തിരികെ നൽകണമെന്ന് അഭ്യർഥിച്ച് പ്രദേശവാസിയായ യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ശ്രീജ ഒരു പോസ്റ്റ് ഇട്ടു.

എന്തായാലും കള്ളൻ ഫേസ്ബുക്കിൽ സജീവമാണെന്ന് ഉറപ്പാണ്. പോസ്റ്റ് ഇട്ട് രണ്ടുദിവസം കഴിഞ്ഞപ്പോൾ ഹോട്ടലിനു മുന്നിൽ കവറിൽ പൊതിഞ്ഞ നിലയിൽ ആധാറും പാൻ കാർഡും അടക്കമുള്ള രേഖകളും പ്രത്യക്ഷപ്പെട്ടു. കാര്യം കള്ളനാണെങ്കിലും ആളൊരു മാന്യനാണ്. രേഖകൾ തിരികെ കിട്ടിയത് ആശ്വാസമായെങ്കിലും ശ്രീജയുടെ സ്കൂട്ടർ നഷ്ടപ്പെട്ടതിലെ വിഷമം മാറിയിട്ടില്ല. ഹോട്ടലിലെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറാണിത്. 'നല്ലവനായ' കള്ളനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ് പൊലീസ്. പൊളിച്ചു വിറ്റില്ലെങ്കിൽ കള്ളൻ സ്കൂട്ടറും തിരികെ നൽകുമെന്നാണ് ശ്രീജയുടെ പ്രതീക്ഷ.

SCROLL FOR NEXT