NEWSROOM

ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയേണ്ടി വന്നാൽ തുറന്നു പറയും , രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടില്ല എന്ന് പറയേണ്ടത് തിരുവമ്പാടി ദേവസ്വമല്ല: വി എസ് സുനിൽകുമാർ

പൂരവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് ഡിജിപിയുടെ ഓഫീസിന് അറിവില്ലെന്ന് പറഞ്ഞതിന് പിന്നിലെ കാരണം എന്താണെന്ന് ജനങ്ങൾക്ക് അറിയണമെന്ന് സുനിൽകുമാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃശൂർ പൂരം കലക്കിയ കേസിൽ പൊലീസ് അന്വേഷണ പുരോഗതി അറിയുന്നതിന് വിവരാകാശ നിയമപ്രകാരം അപേക്ഷ നൽകി എംഎൽഎ വി.എസ്. സുനിൽകുമാർ.  ഇമെയിൽ വഴിയായിരുന്നു സുനിൽ കുമാർ ആഭ്യന്തരവകുപ്പിന് കത്ത് നൽകിയത്. പൂരവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് ഡിജിപിയുടെ ഓഫീസിന് അറിവില്ലെന്ന് പറഞ്ഞതിന് പിന്നാലെ കാരണം എന്താണെന്ന് ജനങ്ങൾക്ക് അറിയണമെന്ന് സുനിൽകുമാർ പറഞ്ഞു. ന്യൂസ് മലയാളത്തോട് സംസാരിക്കവെയായിരുന്നു നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്. 

രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടില്ല എന്ന് പറയേണ്ടത് തിരുവമ്പാടി ദേവസ്വമല്ല. പൊലീസിന്റെയും ദേവസ്വങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാവും. അന്വേഷണത്തെക്കുറിച്ച് ഇതുവരെയുള്ള കാര്യങ്ങൾ അറിയുന്നതിന് ആഭ്യന്തരവകുപ്പിന് വിവരാകാശ നിയമപ്രകാരം കത്ത് നൽകിയിട്ടുണ്ട്. എഡിജിപി നടത്തിയ അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് റിപ്പോർട്ട് പുറത്തു വന്നതിനുശേഷം മാത്രമാണ്. ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയേണ്ടി വന്നാൽ തുറന്നു പറയും. എനിക്കറിയാവുന്ന കാര്യങ്ങൾ ജനങ്ങളോട് അല്ലാതെ മറ്റാരോടും പറയാനില്ലെന്നും സുനിൽകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ALSO READ: തൃശൂർ പൂരം കലക്കിയ സംഭവം: അന്വേഷണം നടന്നില്ലെന്ന പൊലീസ് വാദം തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ

വിഷയത്തിൽ പൊലീസ് നൽകിയ മറുപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പൊലീസ് നിലപാടുകൾ സർക്കാരിനെയും ബുദ്ധിമുട്ടിലാഴ്ത്തുന്നു. കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ഡിജിപിയുടെ ഓഫീസ് നടത്തുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഈ അന്വേഷണത്തെക്കുറിച്ച് അറിവില്ല എന്ന ഡിജിപിയുടെ ഓഫീസ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ കാര്യമാണ്. എഡിജിപിയും ഡിജിപിയും തമ്മിലുള്ള പ്രശ്നങ്ങൾ ജനങ്ങൾക്ക് ബാധകമല്ല. രണ്ട് ഉദ്യോഗസ്ഥരും സർക്കാരിൻ്റെ ഭാഗമാണ്. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് അവർ അറിയുക തന്നെ വേണം.

ഉദ്യോഗസ്ഥർ നൽകുന്ന മറുപടികൾ സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കുകയാണ്. വസ്തുതകൾ വെളിച്ചത്തുകൊണ്ട് വരാൻ സർക്കാരിൻ്റെ ഭാഗത്തുനിന്നും കർശന നടപടികൾ വേണം. പൂര നടത്തിപ്പുമായി ബന്ധപ്പെട്ട കൊണ്ട് കൃത്യമായ നിലപാടാണ് പാറമേക്കാവ് സ്വീകരിച്ചത് . പൂരം നടത്തിപ്പ് അലങ്കോലമാക്കുന്നതിൽ ഒരു ഘട്ടത്തിലും പാറമേക്കാവ് ദേവസ്വം ഇടപെട്ടിരുന്നില്ല. പൂരവുമായി ബന്ധപ്പെട്ട് മുൻകൂട്ടി ഗൂഢാലോചന നടന്നിരുന്നു. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ ഭാരവാഹികൾ ഇതിൻ്റെ ഭാഗമായി മാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സുനിൽ കുമാർ വ്യക്തമാക്കി.

SCROLL FOR NEXT