NEWSROOM

തിരുവമ്പാടി KSRTC അപകടം; ഡ്രൈവറുടെ അശ്രദ്ധയുമാകാം കാരണം, പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തകർന്ന ബസ് തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിലേക്ക് മാറ്റി

Author : ന്യൂസ് ഡെസ്ക്

തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധമൂലമാകാമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എൻഫോഴ്സ്മെൻ്റ് ആർടിഒയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. അപകട കാരണം സ്ഥിരീകരിക്കാനായില്ല. ബസ് ദിശമാറിയതിൻ്റെ കാരണമറിയാൻ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തണമെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ബസിൻ്റെ ടയറുകൾക്ക് കുഴപ്പമില്ല. ബ്രേക്ക് സിസ്റ്റത്തിന് തകരാറുണ്ടോയെന്ന് വീണ്ടും പരിശോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

അപടത്തിൽ തകർന്ന കെഎസ്ആർടിസി ബസ് പുറത്തെടുത്ത് തിരുവമ്പാടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസും മോട്ടോർ വാഹന വകുപ്പും ഇന്ന് പരിശോധന നടത്തും.  ഡ്രൈവറുടെയും കണ്ടക്ടറുടെയും ആരോഗ്യനില തൃപ്തികരമായാൽ മൊഴി എടുക്കും. അതേസമയംതിരുവമ്പാടി ബസ് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം നടത്തും. തിരുവമ്പാടി കെഎസ്ആർടിസി ഓഫീസിനു മുന്നിലാണ് പ്രതിഷേധിക്കുക. ജില്ല പഞ്ചായത്തംഗം ബോസ് ജേക്കബിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് പുഴയിലേക്ക് തല കീഴായി മറിയുകയായിരുന്നു. അപടത്തിൽ ആനക്കാംപൊയിൽ സ്വദേശികളായ രണ്ടു സ്ത്രീകൾ മരിച്ചിരുന്നു. 30 ഓളം പേർക്കാണ് പരുക്കേറ്റത്. അൻപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

SCROLL FOR NEXT