NEWSROOM

തിരുവനന്തപുരം മില്‍മ യൂണിയനിലെ പണിമുടക്ക് പിന്‍വലിച്ചു; ശനിയാഴ്ച ചര്‍ച്ച

തൊഴില്‍, ക്ഷീര വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മില്‍മ യൂണിയനിലെ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. വരുന്ന ശനിയാഴ്ച യൂണിയനുകളുമായി ചര്‍ച്ച നടക്കും. തൊഴില്‍, ക്ഷീര വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. വിരമിച്ച എംഡിയെ പുനര്‍നിയമിച്ചതിന് പിന്നാലെയാണ് സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

സര്‍വീസില്‍ നിന്ന് വിരമിച്ച മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുരളിക്കാണ് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയത്. വിരമിച്ചതിനു ശേഷവും സര്‍വ ആനുകൂല്യങ്ങളോടെയും ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ നിലപാട്. ജീവനക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കന്‍ കേരളത്തില്‍ ഇന്ന് മില്‍മാ പാല്‍ വിതരണം തടസപ്പെട്ടിരുന്നു.

അതേസമയം, പണിമുടക്കിനെ തുടര്‍ന്നുണ്ടാകുന്ന നഷ്ടം സമരം നടത്തുന്ന ജീവനക്കാരില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. മില്‍മ അവശ്യ സര്‍വീസാണെന്നും അവശ്യ സര്‍വ്വീസ് പണിമുടക്കുന്നത് ശരിയല്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.

SCROLL FOR NEXT