തിരുവനന്തപുരം നഗരത്തിലെ ജലവിതരണ പ്രശ്നം പരിഹരിച്ചു. ശുദ്ധജല വിതരണം പുനരാരംഭിച്ചെന്ന് വാട്ടര്‍ അതോറിറ്റി. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ വാർഡുകളിൽ ജലവിതരണം നിര്‍ത്തിവെച്ചു നടത്തിവന്ന പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ പൂർത്തിയാക്കി അരുവിക്കരയിൽനിന്ന് ശുദ്ധജല പമ്പിങ് തുടങ്ങിയെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്ന് രണ്ടു മണിക്കൂറിനുള്ളിലും ഉയർന്ന പ്രദേശങ്ങളിലും ഐരാണിമുട്ടം ടാങ്കിൽനിന്നു ജലവിതരണം നടത്തുന്ന പ്രദേശങ്ങളിലും നാളെ രാവിലെയോടെയും ജലവിതരണം പൂർവസ്ഥിതിയിലാകും. കഴിഞ്ഞ നാല് ദിവസമായി ജലവിതരണം മുടങ്ങിയതോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ 44 വാർഡുകളിൽ കുടിവെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായിരുന്നു.
നഗരത്തിലെ ജലവിതരണ പ്രശ്നം പരിഹരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രനും അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ച് നിന്നു. ചില സാങ്കേതിക തടസങ്ങൾ കൊണ്ടാണ് നേരത്തെ പൂർത്തിയാക്കാൻ കഴിയാത്തത്. 40 കുടിവെള്ള ടാങ്കറുകള്‍ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്, 10 വാഹനങ്ങള്‍ രാത്രിയില്‍ കൊച്ചിയില്‍ നിന്ന് എത്തിച്ചേരും. അവസാന സ്ഥലത്തും വെള്ളം എത്തും വരെ ഈ സര്‍വീസ് തുടരും. ഇനി ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാതിരിക്കുക എന്നാണ് പ്രധാനം. വലിയ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ നഗരസഭയുടെ അനുമതി വാങ്ങണമെന്നും മേയര്‍ പറഞ്ഞു.