കോൺഗ്രസിൽ പൊട്ടിത്തെറിയില്ലെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി ഒരു തീരുമാനം എടുത്താൽ കോൺഗ്രസ് പ്രവർത്തകരെല്ലാം അതിനൊപ്പം നിൽക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വന്നിട്ടുണ്ടാവാം. അന്തിമ തീരുമാനം ആരുടേതാണ് എന്നതാണ് കാര്യമെന്നും തിരുവഞ്ചൂർ പറഞ്ഞു.
സ്ഥാനാർഥിത്വത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ വന്നിട്ടുണ്ടാവാം. ഒരു ജനാധിപത്യ പാർട്ടിയായതിനാൽ തന്നെ പല അഭിപ്രായങ്ങളും ഉണ്ടാവും. അത് ഗൗരവമായ കാര്യമല്ലെന്നും അന്തിമ തീരുമാനം ആരുടേതാണ് എന്നതാണ് കാര്യമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ആ തീരുമാനത്തിന് അപ്പുറം ആരും പോവില്ല. സ്ഥാനാർഥിയെ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ പിന്നോട്ട് പോകാനാവില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം സരിനെ തള്ളാതെയായിരുന്നു പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി രാഹുലിൻ്റെ പ്രതികരണം. ഇടത് സ്ഥാനാർഥിയാകുമോ എന്ന കാര്യത്തിൽ പി. സരിൻ തന്നെ നിലപാട് വ്യക്തമാക്കട്ടെയെന്ന് പറഞ്ഞ രാഹുൽ, സരിൻ എന്ന കോൺഗ്രസുകാരനു വേണ്ടി ഈ നിമിഷവും സംസാരിക്കുമെന്നും വ്യക്തമാക്കി.
ഏറ്റവും ഒടുവിൽ സംസാരിക്കുമ്പോഴും സരിൻ കോൺഗ്രസുകാരൻ തന്നെയാണ്. സരിൻ തന്നെ പറയാതെ അദ്ദേഹത്തെ മറ്റ് പാളയത്തിലാക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കും. ഇടത് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സരിൻ പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് പാർട്ടിയെ പറ്റിയുള്ള ആശങ്കകൾ പാർട്ടി നേതൃത്വത്തോട് ബോധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.