എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം എന്തിനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കൂടിക്കാഴ്ച നടന്നെന്ന കാര്യം എഡിജിപി തന്നെ സമ്മതിച്ചതാണ്. പിന്നെ എന്തിനാണിപ്പോൾ അന്വേഷണം നടത്തുന്നതെന്നും എല്ലാം ജനങ്ങൾക്ക് ബോധ്യമായ കാര്യമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. എഡിജിപിക്കെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് തിരുവഞ്ചൂരിൻ്റെ പ്രതികരണം.
വിവാദങ്ങൾക്കൊടുവിൽ ഇന്നാണ് എഡിജിപിക്കെതിരെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകി. നേരത്തെ അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും പുറത്തുവന്നിരുന്നില്ല. എഡിജിപിക്കെതിരെ സിപിഐ തന്നെ രംഗത്തെത്തിയതോടെയാണ് സർക്കാരിൻ്റെ പുതിയ നീക്കം.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ, ആർഎസ്എസ് നേതാവ് റാം മാധവ് എന്നിവരുമായാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ദത്താത്രേയുമായി വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു നടത്തിയതെന്ന് എഡിജിപി തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ മുഖ്യമന്ത്രിയുടെ മധ്യസ്ഥനായിട്ടാണ് ആർഎസ്എസ് നേതാക്കളെ കണ്ടതെന്നും തൃശൂർ പൂരം കലക്കിയതിനു പിന്നിൽ എഡിജിപിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. പിന്നാലെയാണ് ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ രംഗത്തെത്തിയത്.