NEWSROOM

വൈകിയതിനാല്‍ വിമാനത്തില്‍ കയറ്റിയില്ല; 62 പേരുടെ ജീവനെടുത്ത അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിമാനത്തിലെ 58-ാമത്തെ യാത്രക്കാരനായിരുന്നു അഡ്രിയാനോ

Author : ന്യൂസ് ഡെസ്ക്

61 പേര്‍ കൊല്ലപ്പെട്ട ബ്രസീല്‍ വിമാനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും അമ്പരപ്പിലുമാണ് അഡ്രിയാനോ അസിസ്. റിയോ ഡി ജനീറോ സ്വദേശിയായ അഡ്രിയാനോ അല്‍പം നേരത്തേ വിമാനത്താവളത്തില്‍ എത്തിയിരുന്നെങ്കില്‍... ആലോചിക്കുമ്പോള്‍ നടുങ്ങും.

57 യാത്രക്കാരും നാല് ജീവനക്കാരുമടക്കം ബ്രസീലിലെ കാസ്‌കാവലില്‍ നിന്ന് സാവോ പോളോയിലെ ഗ്വാറുള്‍ഹോസിലേക്ക് പറന്നുയര്‍ന്ന എടിആര്‍-72 ടര്‍ബോപ്രോപ്പ് വിമാനമാണ് തീപിടുത്തത്തില്‍ തകര്‍ന്നത്. ജനവാസ മേഖലയ്ക്കടുത്താണ് വിമാനം തകര്‍ന്നു വീണത്.

ഇതേ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നതായിരുന്നു അഡ്രിയാനോയും. സ്ഥലത്തെ ആശുപത്രിയില്‍ ജീവനക്കാരനായ അഡ്രിയാനോ ജോലി കഴിഞ്ഞ് എയര്‍പോർട്ടിലെത്താന്‍ അല്‍പം താമസിച്ചു. രാവിലെ 9.40 നായിരുന്നു ഇദ്ദേഹം ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിയത്. എന്നാല്‍, വൈകിയതിനാല്‍ വിമാനത്തില്‍ കയറാനായില്ല.

പിന്നീട് തിരിച്ചെത്തി അല്‍പം കഴിഞ്ഞപ്പോഴാണ് വിമാനം തകര്‍ന്ന വാര്‍ത്ത അറിയുന്നത്. തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് അഡ്രിയാനോ. യാത്രയ്ക്കായി എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരുന്നു, വിമാനം പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല. സാധാരണ കൗണ്ടറില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് ആവശ്യപ്പെട്ടാല്‍ ഗേറ്റ് തുറന്നു തരും. എന്നാല്‍ അന്നവിടെ ആരുമുണ്ടായിരുന്നില്ല. അല്‍പം കാത്തിരുന്നെങ്കിലും ആരേയും കണ്ടില്ല. ഏറെ നേരം കാത്തിരുന്ന ശേഷം ഒരാള്‍ എത്തി ഫ്‌ളൈറ്റില്‍ കയറാനാകില്ലെന്ന് അറിയിച്ചു.

അയാളുമായി തര്‍ക്കിച്ചെങ്കിലും അനുകൂലമായ മറുപടി ഉണ്ടായില്ല. ജീവനക്കാരന്‍ തന്റെ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ ഇന്ന് താന്‍ ജീവനോടെയുണ്ടാകുമായിരുന്നില്ല. തന്റെ ജീവന്‍ രക്ഷിച്ചയാളോട് നന്ദിയുണ്ടെന്ന് പറയുകയാണ് അഡ്രിയാനോ.

വിമാനം തകര്‍ന്നുവെന്ന വാര്‍ത്ത അറിഞ്ഞ ഉടനെ അഡ്രിയാനോ തിരിച്ച് വിമാനത്താവളത്തിലെത്തി. തന്നെ തടഞ്ഞ ജീവനക്കാരനെ കണ്ടെത്തി കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. അദ്ദേഹമുണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് ഈ കാര്യം പറയാന്‍ താന്‍ ബാക്കിയുണ്ടാകില്ലായിരുന്നുവെന്നും അഡ്രിയാനോ നടക്കുത്തോടെ ഓര്‍ക്കുന്നു.


SCROLL FOR NEXT