NEWSROOM

"ഇത് ജനകീയ മുന്നേറ്റം..."; ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ

സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു മാസമായി ജൂനിയർ ഡോക്ടടർമാർ പണിമുടക്കിലാണ്

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത ആർജി കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ആശുപത്രി ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യ ശാസനത്തിനു പിന്നാലെയാണ് പ്രഖ്യാപനം. സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു മാസമായി ജൂനിയർ ഡോക്ടർമാർ പണിമുടക്കിലാണ്.

ഇത് ജനകീയ മുന്നേറ്റമാണെന്ന് സർക്കാരും സുപ്രീം കോടതിയും മറക്കരുതെന്ന് ഡോക്ടർമാർ പ്രക്ഷോഭത്തില്‍ പറഞ്ഞു. "സുപ്രീം കോടതി വിചാരണയില്‍ ഞങ്ങള്‍ വളരെയധികം നിരാശരാണ്. കേസ് ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയിലെത്തി, സംസ്ഥാന പൊലീസില്‍ നിന്നും സിബിഐയിലേക്കും. പക്ഷെ നീതി കയ്യെത്താ ദൂരത്താണ്", ആർജി കർ മെഡിക്കല്‍ കോളേജിലെ ജൂനിയർ ഡോക്ടർമാരുടെ വക്താവ് പറഞ്ഞു.

ALSO READ: കൊൽക്കത്ത ബലാത്സംഗക്കൊല: ഇരയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നും ഉടൻ നീക്കണമെന്ന് സുപ്രീം കോടതി

സുപ്രീം കോടതിയില്‍‌ സംസ്ഥാന സർക്കാർ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ഡോക്ടർമാർ ആരോപിക്കുന്നു. ജൂനിയർ ഡോക്ടർമാർ പണിമുടക്കിയത് കാരണം പശ്ചിമ ബംഗാളില്‍ 23 പേർ മരിച്ചുവെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. കോടതി നിർദേശത്തില്‍ ജൂനിയർ ഡോക്ടർമാരുടെ തീരുമാനം എന്താണെങ്കിലും അതിനെ പിന്തുണയ്ക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ (ഐഎംഎ) ബംഗാള്‍ ഘടകം വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് അറിയിച്ചു. സഹപ്രവർത്തകയ്ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കാനുള്ള നടപടികളൊന്നും നടക്കുന്നില്ലെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. ജൂനിയർ ഡോക്ടർമാർ പണിമുടക്കിയതിനാല്‍ ഒരു ആശുപത്രിയുടെയും പ്രവർത്തനം പൂർണമായി നിലയ്ക്കുകയോ രോഗികള്‍ മരിക്കാന്‍ കാരണമാകുകയോ ചെയ്തിട്ടില്ലെന്ന് ഐഎംഎ വ്യക്തമാക്കി.

ALSO READ: 'സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല, കേന്ദ്ര സേനയെ പിൻവലിക്കണം'; ഇംഫാലിൽ പ്രതിഷേധവുമായി വിദ്യാർഥികൾ

തിങ്കളാഴ്ച, ഡോക്ടറുടെ ബലാത്സംഗക്കോല കേസിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സർക്കാർ ഡോക്ടർമാരുടെ പണിമുടക്കിനെ കുറ്റപ്പെടുത്തിയത്. തുടർന്നാണ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സുപ്രീം കോടതി നിർദേശിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെയാണ് നിർദേശം. തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ സർക്കാർ സ്വീകരിക്കുന്ന അച്ചടക്ക നടപടി തടയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ആർജി കർ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടർ ഓഗസ്റ്റ് 9നാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊല്ലപ്പെട്ടത്. കേസില്‍ സഞ്ജയ് റോയ് എന്ന സിവില്‍ വോളന്‍റിയറെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഡോക്ടറുടെ കൊലപാതകത്തിനു പിന്നില്‍ സെക്സ് റാക്കറ്റിന്‍റെ പങ്കുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പൊലീസിനെ ഉപയോഗിച്ച് മമത സർക്കാർ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിൻ്റേയും പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെയും ഹർജി പരിഗണിച്ചാണ് ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് കൈമാറിയത്.

SCROLL FOR NEXT