അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് കേസരി ചാപ്റ്റര്‍ 2. അഭിഭാഷകനായ സി ശങ്കരന്‍ നായരുടെ വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏപ്രില്‍ 18നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അക്ഷയ് കുമാര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു ചിത്രമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. കഥകളി വേഷത്തില്‍ നില്‍ക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ഇത് വെറുമൊരു വേഷമല്ല, രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ, ചെറുത്തുനില്‍പ്പിന്റെ, സത്യത്തിന്റെ പ്രതീകമാണിത്. സി ശങ്കരന്‍ നായര്‍ ആയുധം കൊണ്ടല്ല പോരാടിയത്. നിയമം കൊണ്ടും ആത്മാവിലെ തീ കൊണ്ടും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ അദ്ദേഹം പോരാടി', എന്നാണ് അക്ഷയ് കുമാര്‍ ചിത്രം പങ്കുവെച്ച് കുറിച്ചത്.
ALSO READ: വീട്ടില്‍ ആള്‍താമസമില്ല, എന്നിട്ടും കറന്റ് ബില്ല് ഒരു ലക്ഷം; ഹിമാചലില്‍ ഭരണമാറ്റം വേണമെന്ന് കങ്കണ
സി.ശങ്കരന്‍ നായരുടെ കൊച്ചുമക്കളായ രഘു പാലാട്ടും പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ 'ദ ഷേക്ക് ദാറ്റ് ഷൂക്ക് ദ എംപയര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും മാര്‍ഷല്‍ നിയമത്തിനെതിരെയുമുള്ള സി ശങ്കരന്‍ നായരുടെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ മാധവന്‍, അനന്യ പാണ്ഡേ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. കരണ്‍ സിംഗ് ത്യാഗിയാണ് ചിത്രത്തിന്റെ സംവിധായകന്‍.