NEWSROOM

"വലിയ രാഷ്ട്രീയ തിരിച്ചുവരവ്, നിർണായകമായ ചുവടുവയ്പ്പ്"; ബിജെപിയുടെ ഡൽഹി വിജയത്തെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ

ഇന്ത്യയുടെ തലസ്ഥാനത്തെ ഒരു പ്രധാന രാഷ്ട്രീയ മാറ്റമായാണ് പല മാധ്യമങ്ങളും ബിജെപിയുടെ വിജയത്തെ വിശേഷിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്


26 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ഭാരതീയ ജനതാ പാർട്ടി ഒരുങ്ങുന്നത്. 70 സീറ്റുകളിൽ 48 എണ്ണവും നേടി ബിജെപി അധികാരത്തിലെത്തുമ്പോൾ 22 സീറ്റുകളിൽ മാത്രം വിജയിക്കാനെ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞുള്ളു. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒരു സീറ്റും നേടാനായില്ല. 2025 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഈ ഉജ്ജ്വല വിജയം അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യയുടെ തലസ്ഥാനത്തെ ഒരു പ്രധാന രാഷ്ട്രീയ മാറ്റമായാണ് പല മാധ്യമങ്ങളും ബിജെപിയുടെ വിജയത്തെ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ പാർട്ടിയുടെ വിജയം വലിയൊരു നാഴികക്കല്ലാണെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് വിശേഷിപ്പിച്ചത്. ഭരണം, ക്രമസമാധാനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം എങ്ങനെ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും റോയിട്ടേഴ്‌സ് എടുത്തുകാണിച്ചു. ഒരുകാലത്ത് ആം ആദ്മി പാർട്ടിയെ പിന്തുണച്ചിരുന്ന നഗര കേന്ദ്രങ്ങളിലെ മധ്യവർഗ വോട്ടർമാർക്കിടയിൽ ബിജെപിയുടെ സ്വാധീനം വർധിച്ചുവരുന്നതാണ് ഈ വിജയം അടിവരയിടുന്നതെന്നും റോയിട്ടേഴ്‌സ് പറയുന്നു.

"വലിയ രാഷ്ട്രീയ തിരിച്ചുവരവ്" എന്നാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിനെ അസോസിയേറ്റഡ് പ്രസ് വിശേഷിപ്പിച്ചത്. ആം ആദ്മി പാർട്ടിയുടെ ജനപ്രീതി കുറയുന്നതും ആഭ്യന്തര കലഹങ്ങളുമാണ് പാർട്ടിയുടെ പരാജയത്തിന് പങ്കു വഹിച്ചതെന്നും അസോസിയേറ്റഡ് പ്രസ് പറയുന്നു. വോട്ട് വിഹിതത്തിൽ നേരിയ വർധനവുണ്ടായെങ്കിലും കോൺഗ്രസ് മത്സരത്തിൽ നിന്ന് വളരെ ദൂരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എൽ പൈസ് എന്ന പ്രമുഖ സ്പാനിഷ് പത്രവും വലിയ പ്രാധാന്യത്തോടെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടി മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഡൽഹിയിൽ വീണ്ടും അധികാരത്തിൽ" എന്ന തലക്കെട്ടോടെയാണ് പത്രം വാർത്ത റിപ്പോർട്ട് ചെയ്തത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയവും ഡൽഹി ഭരണത്തിൽ അതിന്റെ പ്രത്യാഘാതങ്ങളും ലേഖനം ചർച്ച ചെയ്തു.

ഇന്ത്യയുടെ വിശാലമായ രാഷ്ട്രീയ ഭൂപ്രകൃതിയെ ഡൽഹി തെരഞ്ഞെടുപ്പ് വിജയം എങ്ങനെ സ്വാധീനിക്കുമെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. ഒരുകാലത്ത് ശക്തമായ ഒരു പ്രാദേശിക ശക്തിയായി കാണപ്പെട്ടിരുന്ന ആം ആദ്മി പാർട്ടി അതിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും റിപ്പോർട്ട് നിരീക്ഷിച്ചു.

ബിജെപിയുടെ ഈ വിജയം മണ്ഡലങ്ങളിൽ അവർ നടത്തിയ സൂക്ഷ്മമായ മാനേജ്‌മെന്റിന്റെ ഫലമാമണെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ റഷീദ് കിദ്‌വാദ് അൽ ജസീറയോട് പ്രതികരിച്ചത്. ഡൽഹി ഒരു മിനി ഇന്ത്യയാണ്, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾ അവിടെയുണ്ട്. ഡൽഹിയിൽ ബിജെപി ജയിച്ചാൽ എവിടെയും ജയിക്കാമെന്ന് പാർട്ടി തെളിയിച്ചുവെന്നും അൽ ജസീറയോട് പറ‍ഞ്ഞു.

1998 മുതൽ അധികാരത്തിന് പുറത്തായതിനുശേഷം രാജ്യ തലസ്ഥാനത്തുള്ള ബിജെപിയുടെ നിർണായകമായ ചുവടുവയ്പ്പാണിത് എന്നാണ് ബിബിസി തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്. ബിജെപിക്കും എഎപിക്കും അഭിമാന പോരാട്ടമാണിതെന്നും ബിബിസി പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം, ഡൽഹി സുരക്ഷിതമാക്കുക എന്നത് വെറും തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

SCROLL FOR NEXT