ഡല്‍ഹി മദ്യനയ അഴിമതിയില്‍ സിബിഐ കേസില്‍ കെജ്‌രിവാളിന് ജാമ്യം കിട്ടിയ വാർത്ത അറിഞ്ഞതും ആഹ്ളാദം പങ്കുവെച്ച് ആം ആദ്മി നോതാക്കള്‍. ലാപ്ടോപ്പിനു മുന്നില്‍ ഇരുന്ന് വിധി പ്രസ്താവന സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്ന മനീഷ് സിസോദിയ, അതിഷി എന്നവർ ജാമ്യ വാർത്ത അറിഞ്ഞതും പരസ്പരം ആലിംഗനം ചെയ്ത് ആഹ്ളാദം പങ്കുവെച്ചു. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലായിരുന്നു വിധി ദിവസം അതിഷിയും ആം ആദ്മി പാർട്ടി നേതാക്കളും. കേസില്‍ മനീഷ് സിസോദിയ, വിജയ് നായർ, ബിആർഎസ് നേതാവ് കെ.കവിത എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ALSO READ: ഒടുവില്‍ മോചനം; ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം
ഉപാധികളോടെയാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബെഞ്ചിന്‍റേത് ഭിന്നവിധിയായിരുന്നു. ജസ്റ്റിസ് ഉജ്ജൽ ഭുയാൻ വിധിയിൽ കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ചു. ഇഡി കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ കാണിച്ച വ്യഗ്രതയെ ജസ്റ്റിസ് സംശയദൃഷ്ടിയോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍, കെജ്‌രിവാളിന്‍റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ ക്രമക്കേട് സംഭവിച്ചിട്ടില്ലെന്നും ആയിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്‍റെ നിരീക്ഷണം.
ALSO READ: സിബിഐ കൂട്ടിലടച്ച തത്തയാകരുത്...! കെജ്‌രിവാളിന്‍റെ ഹർജിയില്‍ ഭിന്നവിധിയുമായി സുപ്രീം കോടതി
2024 മാർച്ച് 21നാണ് മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതത്. ജൂണ്‍ 25ന് കള്ളപ്പണം വെളുപ്പിക്കലില്‍ ഇഡി കേസില്‍ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കെജ്‍രിവാളിനെ തിഹാര്‍ ജയിലില്‍ സിബിഐ ചോദ്യം ചെയ്യുകയും, ജൂണ്‍ 26ന് കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നീണ്ട ജയില്‍ വാസത്തിനിടയില്‍ മെയ് 10 മുതല്‍ ജൂണ്‍ 2 വരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചതിന് പിന്നാലെ 'സത്യമേവ ജയതേ' എന്ന് ആം ആദ്മി പാർട്ടി എക്സില്‍ കുറിച്ചു. കെജ്‌രിവാളിന്‍റെ ജയില്‍ മോചനം ഡല്‍ഹി, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ ഗുണകരമാകുമെന്നാണ് ആം ആദ്മി വിലയിരുത്തുന്നത്. എന്നാല്‍ പ്രസ്താവനകള്‍ നടത്തുന്നതിനോ, മുഖ്യമന്ത്രി എന്ന നിലയില്‍ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാനോ കെജ്‌രിവാളിന് അനുമതിയില്ല.