'ഇന്ത്യന്‍ ക്രിക്കറ്ററായുള്ള എന്റെ അവസാന ദിവസമാണിന്ന്'... ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ അപ്രതീക്ഷിതമായിട്ടായിരുന്നു ആരാധകരെ നിരാശരാക്കിക്കൊണ്ടുള്ള ആ പ്രഖ്യാപനം എത്തിയത്... ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായരിലൊരാള്‍ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നൂറ് വിക്കറ്റ് തികച്ച ആദ്യ ബൗളര്‍, 41 മാച്ചുകളില്‍ നിന്നായി 195 വിക്കറ്റുകള്‍ നേടി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇടംകൈയന്മാരെ പുറത്താക്കിയ താരം (268), തുടങ്ങി അശ്വിന് സവിശേഷതകള്‍ ഏറെയാണ്. 14 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചാണ് അശ്വിന്റെ പ്രഖ്യാപനം.
106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം നേടിയത്. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ്. അനില്‍ കുംബ്ലെയാണ് ഒന്നാമത്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണിനൊപ്പമാണ് റെക്കോര്‍ഡ് നേട്ടത്തില്‍ അശ്വിന്റെ സ്ഥാനം. 67 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ മാത്രമാണ് അശ്വിന് മുന്നിലുണ്ടായിരുന്നത്.
2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2013 ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോഴും ടീമില്‍ അശ്വിന്‍ ഉണ്ടായിരുന്നു. 2010 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 765 വിക്കറ്റുകളാണ് ഇന്ത്യക്കു വേണ്ടി സ്വന്തമാക്കിയത്.
ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ അശ്വിന്റെ വാക്കുകള്‍ ഇങ്ങനെ,
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്ററായുള്ള എന്റെ അവസാന ദിവസമാണിന്ന്. എന്റെയുള്ളിലെ ക്രിക്കറ്റ് കളിക്കാരന്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അത് ക്ലബ് ക്രിക്കറ്റില്‍ ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍, അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന നിലയില്‍ ഇതെന്റെ അവസാന ദിവസമാകും. രോഹിത് അടക്കമുള്ള ടീം അംഗങ്ങളുമായി മറക്കാനാകാത്ത ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ പലരോടും ഈ കാലത്തിനിടയില്‍ പിരിയേണ്ടി വന്നിട്ടുണ്ട്. പ്രതിഭകളുടെ കൂട്ടം തന്നെയായിരുന്നു അത്. ഈ വര്‍ഷങ്ങളിലെ യാത്ര വളരെ രസകരമായിരുന്നു.
ഈ യാത്രയ്ക്കിടയില്‍ നിരവധി പേരോട് കടപ്പെട്ടിട്ടുണ്ട്. പക്ഷേ, ബിസിസിഐയോടും ടീമിലെ സഹതാരങ്ങളോടും നന്ദി പറയാതിരിക്കുന്നത് തെറ്റായിപ്പോകും. ഒരുപാട് പേരുണ്ട്, അവരില്‍ ചിലരെ പരാമര്‍ശിക്കാതിരിക്കാന്‍ വയ്യ, എന്റെ കരിയറില്‍ ഒപ്പമുണ്ടായിരുന്ന പരിശീലകര്‍, വിക്കറ്റുകള്‍ നേടുന്നതില്‍ എന്നെ സഹായിച്ച രോഹിത്, വിരാട്, അജിങ്ക്യ, ചേതേശ്വര്‍... അവരുടെ മനോഹരമായ ക്യാച്ചുകള്‍, മികച്ച എതിരാളികളായ ഓസ്‌ട്രേലിയന്‍ ടീം, അവര്‍ക്കൊപ്പമുള്ള മത്സരങ്ങളെല്ലാം ഞാന്‍ വളരെ ആസ്വദിച്ചിരുന്നു... ഇനിയും പറഞ്ഞാല്‍ അത് നീണ്ടു പോകും...
മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാനുള്ള മാനസികാവസ്ഥയിലല്ല, ഞാനിപ്പോള്‍. എങ്കിലും എന്നെ കുറിച്ച് നല്ലതും ചില അവസരങ്ങളില്‍ മോശമായും എഴുതിയ മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി. എനിക്ക് ലഭിച്ചതു പോലുള്ള സ്‌നേഹം തുടര്‍ന്നും മറ്റ് കളിക്കാര്‍ക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. '