യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഗൂഗിള്‍ ഇടപെടലുണ്ടായാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ടെസ്ല ഉടമ ഇലോണ്‍ മസ്‌കിന്‍റെ മുന്നറിയിപ്പ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് എന്ന് ഗൂഗിളില്‍ തെരഞ്ഞാല്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ഡക്കെന്നോ, പ്രസിഡന്‍റ് ഡൊണാള്‍ഡ് റീഗൻ എന്നോ ആണ് സെർച്ച് ഫലം വരുന്നതെന്നാണ് മസ്‌കിന്‍റെ ആരോപണം.
മുന്‍ യുഎസ് പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്, ഗൂഗിള്‍ ഏതെങ്കിലും തരത്തിലുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന സംശയവും മസ്ക് എക്‌സിലൂടെ ഉന്നയിച്ചു.
"വൗ, ഗൂഗിള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഇലക്ഷനിലെ ഇടപെടല്‍", മസ്‌ക് എക്സില്‍ കുറിച്ചു. ഇലക്ഷനില്‍ ഇടപെട്ടാല്‍ വലിയ പ്രശ്നങ്ങളിലായിരിക്കും ഗൂഗിള്‍ പെടുകയെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
മസ്‌കിനെ പിന്തുടരുന്നവരും ആരോപണത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ഗൂഗിള്‍ ഡെമോക്രാറ്റുകളുടെ കയ്യിലാണെന്നായിരുന്നു ഒരു മസ്‌ക് അനുകൂലിയുടെ പോസ്റ്റ്.
അതേസമയം, കമല ഹാരിസ് രംഗ പ്രവേശനം ചെയ്തതോടെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കനത്ത പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഏറ്റവും പുതിയ മാധ്യമ സര്‍വേകള്‍ പ്രകാരം ട്രംപിനു നേരിയ ഭൂരിപക്ഷമുണ്ടെങ്കിലും ദിനംപ്രതി കമല ഹാരിസിനുള്ള പിന്തുണ കൂടിവരികയാണ്. വാള്‍ സ്ട്രീറ്റ് പോളില്‍ ട്രംപിന് 49 ശതമാനം വോട്ടും, കമലയ്ക്ക് 47 ശതമാനം വോട്ടുമാണ് പ്രവചിച്ചിരിക്കുന്നത്.