NEWSROOM

തൊടുപുഴയിലെ ബിജുവിന്റെ കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, പോസ്റ്റുമോർട്ടം പൂർത്തിയായി

വലത് കയ്യിലെ മുറിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഇടുക്കി തൊടുപുഴയില്‍ കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിൻ്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്നും, ആന്തരിക രക്തസ്രാവം ഉണ്ടായിയെന്നും പൊലീസ് അറിയിച്ചു. വലത് കയ്യിലെ മുറിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു. 

ബിജു ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ജോമോനെ റിമാൻഡ് ചെയ്തു. ജയിലിൽ കഴിയുന്ന ആഷികിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. പ്രതികളായ മുഹമ്മദ് അസ്ലത്തെയും ജോമോനെയും തെളിവെടുപ്പിന് എത്തിക്കും. ബിജുവിനെ തട്ടിക്കൊണ്ടുപോയ തൊടുപുഴ കോലാനിയിലാണ് തെളിവെടുപ്പ്.

അതേസമയം, തൊടുപുഴയിലെ ക്വട്ടേഷൻ കൊൽപാതകത്തിൽ ബിജുവും ജോമോനും തമ്മിലുള്ള കരാർ വ്യവസ്ഥകൾ പുറത്തുവന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 27നാണ് ഉപ്പുതറ പൊലീസിന്റെ മധ്യസ്ഥതയിൽ കരാറിലേർപ്പെട്ടത്. വ്യവസ്ഥകൾ പ്രകാരം ബിജു ജോമോന് ടെമ്പോ ട്രാവലർ, ആംബുലൻസ്, മൊബൈൽ ഫ്രീസർ എന്നിവ ഉൾപ്പെടെ കൈമാറാൻ ഉണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളിൽ കരാർ പാലിക്കണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്ന് ക്വട്ടേഷൻ സംഘത്തിൻ്റെ സഹായം തേടി എന്നാണ് ജോമോൻ നൽകിയ മൊഴി.

കൊലപാതകം ക്വട്ടേഷന്‍ സംഘങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു എന്ന് ജോമോന്‍ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. ബിജുവിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. ബിജുവിന്റെ മൃതദേഹം ജോമോന്റെ മൊഴിയനുസരിച്ച് കലയന്താനിയിലെ മാലിന്യ കുഴിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

കലയന്താനി കാറ്ററിങ് സര്‍വീസ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഒരാള്‍ക്ക് മാത്രം ഇറങ്ങാന്‍ പാകത്തിലുളളതാണ് മൃതദേഹം കണ്ടെത്തിയ മാന്‍ഹോള്‍. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം ചീര്‍ത്ത നിലയിലാണ്. അതുകൊണ്ട് തന്നെ മാന്‍ഹോളില്‍ നിന്ന് പുറത്തെത്തിക്കുന്നത് ശ്രമകരമായിരുന്നു. മാന്‍ഹോളിന്റെ മറുവശത്തെ കോണ്‍ക്രീറ്റ് പൊട്ടിച്ച് വിസ്താരം വര്‍ധിപ്പിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

വ്യാഴാഴ്ചയാണ് ബിജു ജോസഫിനെ കാണാനില്ലെന്ന് ഭാര്യ പരാതി നല്‍കിയത്. തൊടുപുഴ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്വേട്ടേഷന്‍ സംഘത്തെ പിടികൂടുന്നത്. കാപ്പാ കേസ് ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുള്ള ഇവര്‍ എന്തിന് തൊടുപുഴയിലെത്തി എന്ന അന്വേഷണമാണ് ബിജുവിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട പരാതിയില്‍ ചെന്നെത്തിയത്. ജോമോനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് കേസില്‍ വഴിത്തിരിവായത്.

SCROLL FOR NEXT