NEWSROOM

എഡിഎമ്മിൻ്റെ മരണത്തിൽ സിപിഎമ്മിൻ്റെ നിലപാട് വ്യക്തം, ദിവ്യയുടെ നടപടിയെ ഒരു പാർട്ടി നേതാവും ന്യായീകരിച്ചിട്ടില്ല: തോമസ് ഐസക്

സിപിഎമ്മിന് ഒരു നിലപാടേയുള്ളു അത് കുടുംബത്തോടൊപ്പമാണെന്നും തോമസ് ഐസക് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ഒരു പാർട്ടി നേതാവും ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ നടപടിയെ ന്യായീകരിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. സിപിഎമ്മിന് ഒരു നിലപാടേയുള്ളു അത് കുടുംബത്തോടൊപ്പമാണെന്നും തോമസ് ഐസക് പറഞ്ഞു.

അണ്‍കണ്ടീഷണലായി തന്നെ പിപി ദിവ്യയുടെ പെരുമാറ്റത്തെ പാര്‍ട്ടി തള്ളിക്കളയുകയാണ്. ഡിവൈഎഫ്‌ഐ എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു നിലപാടേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലിരിക്കുന്നവര്‍ ഒരിക്കലും ഇത്തരത്തില്‍ പ്രതികരിക്കരുത്. അവ തിരുത്തപ്പെടേണ്ടതാണ്. ആരെ അറസ്റ്റ് ചെയ്യണം എന്നുള്ളത് രാഷ്ട്രീയ തീരുമാനമല്ല. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കേണ്ട നടപടികള്‍ പൊലീസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എഡിഎമ്മിന് കൈക്കൂലി നൽകിയെന്നു പറയുന്ന ഒക്ടോബർ ആറാം തീയതിയിലെ സിസിടിവി ദൃശ്യങ്ങൾ  ആസൂത്രിതമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം ആരോപിച്ചു. നവീൻ ബാബുവിൻ്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂർവ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണ്. നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും അമ്മാവൻ്റെ മകൻ ഗിരീഷ് കുമാർ പറഞ്ഞു. 

എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള മൊഴിയെടുപ്പ് തുടരുകയാണ്. കളക്ടറുടെ ചേമ്പറിലേക്ക് വിളിച്ചു വരുത്തിയാണ് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീത മൊഴിയെടുക്കുന്നത്. പെട്രോൾ പമ്പിൻ്റെ അനുമതിക്കായി എൻഒസി നൽകിയതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കും.

SCROLL FOR NEXT