NEWSROOM

'പിരിമുറുക്കം താങ്ങാന്‍ ആവാത്തതിനാലാണ് കാണാനെത്തിയത്'; എന്‍സിപിയിലെ മന്ത്രി മാറ്റത്തിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി തോമസ് കെ. തോമസ്

'ഒത്തിരി നാളായി മനസില്‍ ഇട്ട് ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമായതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ വന്നത്'

Author : ന്യൂസ് ഡെസ്ക്


എന്‍സിപിയിലെ മന്ത്രി മാറ്റ തര്‍ക്കം കനക്കുന്നതിനിടെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി തോമസ് കെ. തോമസ്. കൂടിക്കാഴ്ചക്ക് ശേഷം അതൃപ്തി പുറത്തറിയിച്ച് തോമസ് കെ തോമസ് രംഗത്തെത്തി. പിരിമുറുക്കം താങ്ങാന്‍ ആവാത്തതിനാലാണ് ശരദ് പവാറിനെ കാണാന്‍ വന്നതെന്നും തോമസ് കെ. തോമസ് പറഞ്ഞു.

സിപിഎം ദേശീയ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടുമായുള്ള ചര്‍ച്ചയെക്കുറിച്ച് അറിയില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. നാളെ വീണ്ടും ചര്‍ച്ചയുണ്ട്. ഡല്‍ഹിയില്‍ പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് കെ. തോമസ്.

'എന്റെ കാര്യങ്ങള്‍ ഞാന്‍ ശരദ് പവാറുമായി സംസാരിച്ചു. പ്രകാശ് കാരാട്ടിനെ കണ്ടതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഞാനുമായി ഒരു ബന്ധവുമില്ല. ഞാന്‍ പോയത് ശരദ് പവാറിനെ കാണാനാണ്. അദ്ദേഹത്തെ കണ്ടു. എന്റെ കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. തിരിച്ചുപോന്നു. മറ്റു കാര്യങ്ങള്‍ ഒക്കെ പി.സി. ചാക്കോ കൃത്യമായി കഴിഞ്ഞ ദിവസം മീറ്റിംഗ് കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് 17-ാം തീയതിയേ ഇതില്‍ ഒരു തീരുമാനം ഉണ്ടാകൂ. ആ വിഷയം (മന്ത്രി മാറ്റം) അവര്‍ ചര്‍ച്ച ചെയ്യും എന്നത്. പ്രകാശ് കാരാട്ടുമായി നടത്തിയ ചര്‍ച്ചയില്‍ ഞാന്‍ ഇല്ല. അതില്‍ നടന്ന കാര്യങ്ങള്‍ എനിക്ക് അറിയില്ല. വല്ലാത്ത അവസ്ഥയില്‍ ആയതുകൊണ്ടാണ് ശരദ് പവാറിനെ കാണാന്‍ ഞാന്‍ വന്നത്. ഇത് ഒത്തിരി നാളായി മനസില്‍ ഇട്ട് ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമായതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ വന്നത്,' തോമസ് കെ. തോമസ് പറഞ്ഞു.

എകെ ശശീന്ദ്രനെ മാറ്റുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തോമസ് കെ തോമസിന്റെ പവാറുമായുള്ള കൂടിക്കാഴ്ച. വിഷയത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ. തോമസ്. എന്‍സിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് ശരദ് പവാര്‍ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനായിരുന്നു മറുപടി ലഭിച്ചത്.

അതേസമയം മന്ത്രി സ്ഥാനം രാജിവെക്കാന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എ കെ ശശീന്ദ്രന്റെ പക്ഷം. മന്ത്രി സ്ഥാനം ഒഴിയുകയാണെങ്കില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ എന്ന പദവി ശശീന്ദ്രന്‍ ആവശ്യപ്പെട്ടേക്കുമെന്ന സൂചനകളുമുണ്ട്.

SCROLL FOR NEXT