കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് എൻസിപി ശരദ് പവാര്‍ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനാകാൻ സാധ്യത. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായതായാണ് സൂചന. ഈ മാസം 25ന് ചേരുന്ന ജില്ലാ പ്രസിഡൻ്റുമാരുടെ യോഗത്തിൽ പുതിയ അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ തോമസ് കെ.തോമസിനായി വാദിച്ചു. എന്നാൽ ജില്ലാ പ്രസിഡൻ്റുമാരുടെ അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ദേശീയ നിരീക്ഷകൻ യോഗത്തിൽ പങ്കെടുക്കാനായി 25ന് കേരളത്തിലെത്തും. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.സി.ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തുടരും.
ഫെബ്രുവരി 12നാണ് മുൻ അധ്യക്ഷൻ പി.സി. ചാക്കോ സ്ഥാനം രാജിവെയ്ക്കുന്നത്. വനം മന്ത്രി എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഏറെ കാലമായി നടന്നുവരികയാണ്. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ പിസി ചാക്കോ സമീപിച്ചിരുന്നു. ശശീന്ദ്രനെ ഉടന്‍ രാജിവെപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നും ചാക്കോ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ പി.സി. ചാക്കോയെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി ശശീന്ദ്രന്‍ വിഭാഗം മന്ത്രിയുടെ വസതിയില്‍ രഹസ്യ യോഗവും ചേര്‍ന്നു. എന്‍സിപിയിലെ 25 സംസ്ഥാനതല നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. മന്ത്രിമാറ്റത്തില്‍ പി.സി. ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്നായിരുന്നു എ.കെ. ശശീന്ദ്രന്റെ ആരോപണം. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.