തോമസ് കെ. തോമസ് 
NEWSROOM

ഒരുപാട് കാലം കാത്തിരിക്കാനാവില്ല, മന്ത്രിമാറ്റത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷ: തോമസ് കെ. തോമസ്

ഒരാഴ്ചയ്ക്കുള്ളില്‍ രാഷ്ട്രീയ സാഹചര്യം മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇക്കാര്യത്തില്‍ താന്‍ ഒറ്റയ്ക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് ഒപ്പമുണ്ടെന്നും തോമസ് കെ. തോമസ് അഭിപ്രായപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്



മന്ത്രിയാകുന്നതില്‍ ഒരുപാട് കാലം കാത്തിരിക്കാനാകില്ലെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ്. പാര്‍ട്ടിക്ക് അകത്തുള്ളവരാണോ പുറത്തുള്ളവരാണോ തടസം സൃഷ്ടിക്കുന്നതെന്ന് അറിയില്ല. പക്ഷെ ഒത്തിരി കാലം കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് തോമസ് കെ. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തനിക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം എന്താണെന്ന് അറിയില്ല. മന്ത്രിയാക്കാനുള്ള തീരുമാനം എന്‍സിപിയുടേതാണ്. എന്താണ് തന്റെ അയോഗ്യത എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശരദ് പവാര്‍ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് തീരുമാനം പെട്ടെന്ന് ഉണ്ടാകണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. താന്‍ നല്‍കിയ കേസ് അല്ലാതെ തന്റെ പേരില്‍ മറ്റു കേസുകള്‍ ഒന്നുമില്ല. ഈ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്. എന്‍സിപിയുടെ ആവശ്യം പി.സി. ചാക്കോ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ രാഷ്ട്രീയ സാഹചര്യം മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇക്കാര്യത്തില്‍ താന്‍ ഒറ്റയ്ക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് ഒപ്പമുണ്ടെന്നും തോമസ് കെ. തോമസ് അഭിപ്രായപ്പെട്ടു.


മന്ത്രി സ്ഥാനം കിട്ടാതിരിക്കേണ്ട കാരണം ഇല്ലല്ലോ. പാര്‍ട്ടി തീരുമാനം ഉള്‍ക്കൊള്ളാന്‍ തയ്യാറാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കുറച്ച് സമയം ആവശ്യമുണ്ടെന്നും അദ്ദേഹം തന്നെ വ്യക്തമാക്കി. മന്ത്രി ആവുകയോ ആവാതിരിക്കുകയോ ചെയ്യാം എന്നാല്‍ ഒരാളഎ ഇങ്ങനെ അപമാനിക്കാന്‍ പാടുണ്ടോ? ശശീന്ദ്രന്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഇന്നലെ മുഖ്യമന്ത്രിയോട് ഔദ്യോഗികമായി തന്നെ പറഞ്ഞിട്ടുണ്ട് എന്നും തോമസ് കെ. തോമസ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് ആരോടും പ്രത്യേക താത്പര്യമില്ല. താന്‍ ആര്‍ക്കും എതിരല്ല. സിപിഎമ്മിന്റെ പിന്തുണ ഇല്ലെങ്കില്‍ എന്‍സിപി അവിടെ ജയിക്കില്ല. കുട്ടനാട് എന്‍സിപി മാറിയാല്‍ നേക്കിയിരിക്കുന്ന ഒരുപാട് പേര്‍ എല്‍ഡിഎഫില്‍ തന്നെയുണ്ട്. കുട്ടനാട് നോട്ടമിട്ടിരിക്കുന്ന ഒരുപാട് പേര്‍ ഉണ്ടല്ലോ. ആരോടും പ്രത്യേകിച്ച് വൈരാഗ്യമൊന്നും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പി.സി. ചാക്കോ, തോമസ് കെ. തോമസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ കുറച്ചു സമയം കൂടി വേണമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അതിനാല്‍ തത്കാലം ശശീന്ദ്രനോട് തന്നെ മന്ത്രിസ്ഥാനത്ത് തുടരാനും വിഷയത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിക്കുകയായിരുന്നു.



SCROLL FOR NEXT