NEWSROOM

തൊമ്മൻകുത്തിലെ കുരിശ് പൊളിച്ച സംഭവം: നടപടിയിൽ പിഴവെന്ന് കോൺഗ്രസ്

വനം- റവന്യു സംയുക്ത പരിശോധന നടക്കാനിരിക്കുന്ന സ്ഥലത്താണ് വനംവകുപ്പ് അവകാശവാദവുമായി എത്തിയതെന്നാണ് വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടിയുള്ള കോൺഗ്രസിൻ്റെ വാദം

Author : ന്യൂസ് ഡെസ്ക്

ഇടുക്കി തൊമ്മൻകുത്തിൽ കുരിശ് പിഴുത വനംവകുപ്പ് നടപടിയിൽ പിഴവെന്ന് കാട്ടി കോൺഗ്രസ് രംഗത്ത്. വനം- റവന്യു സംയുക്ത പരിശോധന നടക്കാനിരിക്കുന്ന സ്ഥലത്താണ് വനംവകുപ്പ് അവകാശവാദവുമായി എത്തിയതെന്നാണ് വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടിയുള്ള കോൺഗ്രസിൻ്റെ വാദം. വനവിസ്തൃതി കൂട്ടാനുളള നീക്കമാണ് വനംവകുപ്പ് നടത്തുന്നതെന്നാണ് ആരോപണം.

തൊമ്മൻകുത്തിലെ സെൻ്റ് തോമസ് പള്ളി ഇടവക വിശ്വാസികൾ നാരങ്ങാനാത്ത് സ്ഥാപിച്ച കുരിശ് റിസ‍ർവ് വനത്തിലെന്ന വാദത്തിലാണ് വനം വകുപ്പ് കുരിശ് പൊളിച്ചു നീക്കിയത്. ജോയിൻ്റ് വേരിഫിക്കേഷനിൽ റിസ‍‍ർവ് വനമെന്നായിരുന്നു വനംവകുപ്പ് വാദം. എന്നാൽ ഈ മേഖലയിൽ സംയുക്ത പരിശോധന നടന്നിട്ടില്ലെന്ന് രേഖകൾ സഹിതം ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ ആരോപിക്കുന്നു. 1977ന് മുമ്പുള്ള കൈവശഭൂമിയിൽ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും തുടർ നടപടികൾ വേഗത്തിലാക്കാനുമായിരുന്നു 2016ൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ. നാരങ്ങാനത്ത് ഉൾപ്പെടെ ഇതിൻ്റെ നടപടികൾ നടത്താനിരിക്കെ വനംവകുപ്പ് തിടുക്കത്തിൽ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്ന നടപടി ദുരൂഹമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

കുരിശ് പൊളിച്ച നടപടിയെ സാധൂകരിച്ച് റവന്യൂ വകുപ്പും വനഭൂമിയെന്ന റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർക്കെതിരെ നിയമ നടപടി ഉണ്ടാകണമെന്നും കോൺഗ്രസ് പറഞ്ഞു. കാളിയർ റേഞ്ചിൽ വരുന്ന റിസർവ് മേഖലയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് തൊമ്മൻ കുത്ത് സെൻ്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തത്. 1902ലെ സർക്കാർ വിജ്ഞാപനപ്രകാരമുളള തൊടുപുഴ റിസ‍ർവിനെ അടിസ്ഥാനപ്പെടുത്തിയുളള വനംവകുപ്പ് നീക്കത്തെ നിയമപരമായി നേരിടാനുളള ഒരുക്കത്തിലാണ് തൊമ്മൻകുത്തിലെ വിശ്വാസികൾ. ഇതിന് നിയമപരമായ പരിരക്ഷ നൽകുമെന്ന് കോൺഗ്രസും വാദിക്കുന്നു.

SCROLL FOR NEXT