NEWSROOM

ബ്രിട്ടനിൽ ആഞ്ഞടിച്ച് ദറാഗ് കൊടുങ്കാറ്റ്; മണിക്കൂറിൽ 90 മൈൽ വേഗം, രണ്ട് മരണം

ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ബ്രിട്ടനിൽ ആഞ്ഞടിച്ച് ദറാഗ് കൊടുങ്കാറ്റ്. കാറിന് മുകളിൽ മരം വീണതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. മണിക്കൂറിൽ 90 മൈൽ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നത്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെയാണ് ബ്രിട്ടനെ ഭീതിയിലാഴ്ത്തിക്കൊണ്ട് ദറാഗ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 90 മൈൽ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ശക്തമായ കാറ്റിൽ കാറിന് മുകളിൽ മരം വീണതിനെ തുടർന്ന് രണ്ട് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. വെയിൽസിലും തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും റെഡ് അലേർട്ട് മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷകർ നൽകിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ താമസക്കാരോട് പകൽ മൂന്ന് മണി മുതൽ രാത്രി 11 വരെ വീടിനുള്ളിൽ തുടരാൻ നിർദേശം നൽകി.

വെയിൽസിൽ 93 മൈലും,  സ്കോട്ട്ലാൻഡിൽ 80 മൈലുമാണ് കാറ്റിൻ്റെ വേഗം. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. മൂന്ന് ലക്ഷം ആളുകൾക്കാണ് അടിയന്തര മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ കാറ്റ് വീശുമെന്നും രാജ്യവ്യാപകമായി വെള്ളപ്പൊക്കം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കൊടുങ്കാറ്റിൻ്റെ ആഘാതത്തിൽ മരങ്ങൾ കടപുഴകി വീണതിനാൽ പലയിടങ്ങളിലും യാത്രകൾ തടസപ്പെട്ടു. ട്രെയിൻ സർവീസുകൾ നിർത്തി വെയ്ക്കുകയും വെയിൽസിനും തെക്കൻ ഇംഗ്ലണ്ടിനുമിടയിലുള്ള പാലങ്ങൾ അടയ്ക്കുകയും ചെയ്തു. ക്രിസ്മസ് മാർക്കറ്റുകളും താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ മാസം ബ്രിട്ടനിലുണ്ടായ ബെർട്ട്, കോനൽ ചുഴലിക്കാറ്റിന് പിന്നാലെയാണ് ദറാങ് കൊടുങ്കാറ്റിൻ്റെ ഭീതി. ജനങ്ങളോട് സുരക്ഷയ്ക്ക് മുൻഗണന നൽകാനും നൽകിയിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

SCROLL FOR NEXT