NEWSROOM

പട്ടികജാതി വിഭാഗത്തിന് വായ്‌പ നൽകില്ലെന്ന് ഭീഷണി; ചാത്തമംഗലം സിഡിഎസ് ചെയർപേഴ്സൻ്റെ ശബ്ദസന്ദേശത്തിൽ വിവാദം

എസ് സി വിഭാഗത്തിന് നൽകേണ്ട വായ്പയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഒപ്പിടില്ലെന്ന് അറിയിച്ചതായാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

പട്ടികജാതി വിഭാഗത്തിന് വായ്പ നൽകില്ലെന്ന് ഭീഷണിപെടുത്തുന്ന കോഴിക്കോട് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൻ്റെ ശബ്ദസന്ദേശം പുറത്ത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്തിൻ്റെ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കാത്തതിൽ രോഷം പൂണ്ടാണ് പ്രതികരണം.

പഞ്ചായത്ത് പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ ഗ്രൂപ്പുകളിൽ പട്ടികജാതി വിഭാഗത്തിന് നൽകേണ്ട വായ്പയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഒപ്പിടില്ലെന്ന് അറിയിച്ചതായാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്. "എസ് സി ലോൺ ആ‍ർക്കും കൊടുക്കേണ്ട, ആർക്കും ഒപ്പിട്ട് കൊടുക്കില്ല എന്ന് പ്രസിഡൻ്റ് പറഞ്ഞിട്ടുണ്ട്. ആകെ ഏഴ് സിഡിഎസ് മെമ്പ‍ർമാ‍ർ മാത്രമാണ് കഴി‍ഞ്ഞ ദിവസം നടന്ന പരിപാടിയിൽ പങ്കെടുത്തത്. ബാക്കി വാ‍ർഡിൽ നിന്നും സിഡിഎസ് മെമ്പ‍ർമാരോ അം​ഗങ്ങളോ പങ്കെടുത്തില്ല. ഒരു വാ‍ർഡിൽ നിന്ന് അഞ്ച് അം​ഗങ്ങളെ പങ്കെടുപ്പിക്കാൻ പറഞ്ഞിരുന്നു. എന്നാൽ, മെമ്പർമാ‍ർ പോലും പങ്കെടുക്കാത്ത സ്ഥിതിയാണുണ്ടായത്. അതുകൊണ്ട്, പട്ടികജാതി ലോണുകൾക്കുള്ള അപേക്ഷയുമായി പഞ്ചായത്ത് സിഡിഎസിലേക്ക് വരണ്ട," എന്ന് ചാത്തമംഗലം പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ എൻ.പി. കമല പറയുന്നതിൻ്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

എന്നാൽ, സിഡിഎസ് മെമ്പ‍ർമാരുടെ ​ഗ്രൂപ്പിലിട്ട ശബ്ദസന്ദേശമാണ് പുറത്തുവന്നത് എന്നും, അത് അബദ്ധവശാൽ മറ്റൊരു ​ഗ്രൂപ്പിലേക്ക് ഫോ‍ർവേഡ് ആയി പോയതാണ് എന്നും എൻ.പി. കമല ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. സംഭവം രാഷ്ട്രീയക്കാർ രാഷ്ടരീയവൽക്കരിക്കുക മാത്രമാണ് ചെയ്യുന്നത്. ലോൺ കൊടുക്കാതിരിക്കുകയില്ല. ലോൺ കൊടുക്കില്ല എന്ന് പ്രസിഡൻ്റ് പറഞ്ഞതായി ശബ്ദസന്ദേശത്തിൽ പറഞ്ഞത് പേടിപ്പിക്കാൻ വേണ്ടിയാണെന്നും എൻ.പി. കമല പറഞ്ഞു.

സംഭവത്തിൽ ദേശീയ പട്ടികവർഗ - പട്ടികജാതി കമ്മീഷന് ഉൾപ്പടെ പരാതി നൽകുമെന്ന് യുഡിഎഫ് അറിയിച്ചു.

SCROLL FOR NEXT