NEWSROOM

പങ്കാളിയെ ഭീഷണിപ്പെടുത്തുന്നതും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമാണ്: ബോംബെ ഹൈക്കോടതി

ആത്മഹത്യ ചെയ്ത് തന്നേയും കുടുംബത്തേയും ജയിലിലയക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തുന്നു എന്ന് കാട്ടിയാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്

Author : ന്യൂസ് ഡെസ്ക്




പങ്കാളിയെ ഭീഷണിപ്പെടുത്തുന്നതും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമാണെന്ന് ബോംബെ ഹൈക്കോടതി. ദമ്പതികള്‍ക്ക് വിവാഹമോചനം നല്‍കി കുടുംബ കോടതി ഉത്തരവ് ശരിവെച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

കുടുംബ കോടതി ഉത്തരവിനെതിരെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആത്മഹത്യ ചെയ്ത് തന്നേയും കുടുംബത്തേയും ജയിലിലയക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തുന്നു എന്ന് കാട്ടിയാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവും മറ്റ് സാക്ഷികളും കുടുംബ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ ദാമ്പത്യത്തിലെ ക്രൂരത സംബന്ധിച്ച ഭര്‍ത്താവിന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണെന്നും ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

ആത്മഹത്യ ചെയ്ത് ഭര്‍ത്താവിനേയും വീട്ടുകാരേയും ജയിലില്‍ അയക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തുക മാത്രമല്ല ചെയ്തതെന്നും ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഭാര്യയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

2009 ല്‍ വിവാഹിതരായ ദമ്പതികളുടെ കേസാണ് കോടതി പരിഗണിച്ചത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. ഭാര്യയുടെ വീട്ടുകാര്‍ തങ്ങളുടെ വീട്ടില്‍ പതിവായി എത്തുകയും കുടുംബ ജീവിതത്തില്‍ ഇടപെട്ടിരുന്നതായും ഭര്‍ത്താവ് ആരോപിച്ചിരുന്നു. 2010 ല്‍ സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ പിന്നീട് തിരിച്ചുവരാന്‍ മടിച്ചുവെന്നും ഭര്‍ത്താവ് പറയുന്നു.

വ്യാജ പരാതി നല്‍കി തന്നേയും കുടുംബത്തേയും ജയിലിലയക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് വാദിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവും അച്ഛനും ചേര്‍ന്ന് ഉപദ്രവിച്ചിരുന്നുവെന്നും ഇതിനാലാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നുമായിരുന്നു ഭാര്യയുടെ വാദം.

SCROLL FOR NEXT