ജോർദാനിനും അധിനിവേശ വെസ്റ്റ് ബാങ്കിനും ഇടയിലുള്ള അതിർത്തിയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അധികൃതർ അറിയിച്ചു. അലൻബി ബ്രിഡ്ജ് ക്രോസിംഗിലാണ് വെടിവെപ്പ് നടന്നത്. ജോർദാൻ ഭാഗത്ത് നിന്ന് ട്രക്കിൽ എത്തിയ അക്രമി പുറത്തിറങ്ങി വെടിയുതിർക്കുകയായിരുന്നുവെന്ന് ഐഡിഎഫ് അറിയിച്ചു.
ഇസ്രായേൽ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് അക്രമി ടെർമിനലിലേക്ക് നടന്ന് മൂന്ന് തവണ ആയുധം ഉപയോഗിച്ച് വെടിയുതിർക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്നാണ് വാർത്താ ഏജൻസിയായ ബിബിസി റിപ്പോർട്ട് ചെയ്തത്.
ക്യാബിനറ്റ് യോഗത്തിൻ്റെ തുടക്കത്തിൽ ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. കിംഗ് ഹുസൈൻ ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന ഈ ക്രോസിംഗ്, അമ്മാനിനും ജറുസലേമിനും ഇടയിൽ പകുതിയോളം പ്രദേശങ്ങൾ സ്ഥിതിചെയ്യുന്നു. വെസ്റ്റ് ബാങ്കിനും ജോർദാനും ഇടയിലുള്ള ഒരേയൊരു ഔദ്യോഗിക ക്രോസിംഗ് പോയിൻ്റാണിത്. ഇസ്രയേലിലൂടെ കടക്കാതെ വെസ്റ്റ് ബാങ്കിലേക്കുള്ള ഏക പ്രവേശന കേന്ദ്രം കൂടിയാണിത്. ക്രോസിംഗിൽ ഇസ്രയേൽ സൈന്യം തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിച്ചതായി ജോർദാൻ സർക്കാർ നടത്തുന്ന വാർത്താ ഏജൻസി 'പെട്ര' പറഞ്ഞു.
ALSO READ: ഏഴ് സ്വർണം, ഒൻപത് വെള്ളി, 13 വെങ്കലം; ഇക്കുറി പാരാലിംപിക്സിലേത് എക്കാലത്തേയും മികച്ച പ്രകടനം
ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിനും തുടർന്നുള്ള ഗാസയിലെ യുദ്ധത്തിനും ശേഷം വെസ്റ്റ്ബാങ്കിൽ നടന്ന അക്രമങ്ങളിൽ 600-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ നിന്നും അഭയാർഥി ക്യാമ്പിൽ നിന്നും കഴിഞ്ഞ ആഴ്ച ഇസ്രയേൽ സൈന്യം പിൻവാങ്ങിയിരുന്നു. ഏകദേശം 60,000 സിവിലിയൻ ജനസംഖ്യയുള്ള ഈ പ്രദേശം തീവ്രവാദികളുടെ ശക്തികേന്ദ്രം കൂടിയാണ്.