യെമനിൽ ഇസ്രായേൽ ആക്രമണം നടത്തിയ ഹുദൈദ തുറമുഖ നഗരം 
NEWSROOM

യെമനിലെ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു; ഹൂതികൾക്കുള്ള മുന്നറിയിപ്പെന്ന് ഇസ്രായേൽ

ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിലാണ് വ്യോമാക്രമണം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിലാണ് വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിൽ 87 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും യെമൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തുറമുഖത്തോട് ചേർന്നുള്ള എണ്ണ സംഭരണ കേന്ദ്രവും, വൈദ്യുത കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

ഇസ്രയേലിലേക്കുള്ള കപ്പലുകൾക്ക് നേരെ കഴിഞ്ഞ മാസങ്ങളിൽ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. എന്നാൽ നിലവിലെ ആക്രമണം ഇസ്രായേലിലെ ടെൽ അവീവിൽ ഡ്രോൺ ആക്രമണം നടത്തിയതിന്റെ പ്രതികരമായാണെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. ഹൂതികൾ മുമ്പേ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ തിരിച്ചടിച്ചിട്ടില്ലെന്നും ഇപ്പോഴാണ് പ്രത്യാക്രമണം നടത്തുന്നതെന്നും, ഹൂതികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമുള്ള മുന്നറിയിപ്പാണ് ഇതെന്നും ഇസ്രായേൽ വ്യക്തമാക്കി.

യെമനില്‍ ആക്രമണം നടത്തുമ്പോള്‍ തന്നെ ഗാസയിലും ഇസ്രയേല്‍ ബോംബിങ്ങ് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഗാസയില്‍ 37 പേര്‍ മരിക്കുകയും 54 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നത്.

SCROLL FOR NEXT