ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. 15 പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. സൂറത്തിന് സമീപം സച്ചിൻ പാലി ഗ്രാമത്തിലാണ് കെട്ടിടം തകർന്നു വീണത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് കെട്ടിടം ഇടിഞ്ഞു വീഴാനിടയാക്കിയത് എന്നാണ് അധികൃതർ പറയുന്നത്.
കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സംഭവ സ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖ് അറിയിച്ചു. അപകടം നടക്കുമ്പോൾ അഞ്ച് കുടുംബങ്ങൾ ആണ് കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നതെന്നാണ് നിഗമനം.
ദേശീയ ദുരന്തനിവാരണ സേനയും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. എട്ട് വർഷം മുൻപ് പണിത കെട്ടിടം ജീർണാവസ്ഥയിലായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്. കെട്ടിടത്തിൽ 30 ഫ്ലാറ്റുകളാണ് ഉള്ളത്. അതിൽ അഞ്ചെണ്ണം ഒഴികെ ബാക്കി ഫ്ലാറ്റുകളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതേസമയം കെട്ടിടം തകർന്നു വീഴാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.