NEWSROOM

ഓട്ടോറിക്ഷയിലെത്തിച്ച് കഞ്ചാവും എംഡിഎംഎയും വിൽപ്പന; തലശേരിയിൽ മൂന്ന് പേർ പിടിയിൽ

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ ടി.കെ അഖിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

തലശേരിയിൽ മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ. ധർമ്മടം സ്വദേശി മുഹമ്മദ്‌ ഷിനാസ്, മാവിലായി സ്വദേശി മിഥുൻ മനോജ്‌, ടെമ്പിൾ ഗേറ്റ് സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. 

ഇവരിൽ നിന്ന് 12 ഗ്രാം എംഡിഎംഎയും 17ഗ്രാം കഞ്ചാവും കണ്ടെടുത്തു. തലശ്ശേരി തലായിയിൽ ഓട്ടോറിക്ഷയിൽ വെച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതിനിടെ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ ടി.കെ അഖിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടെ സ്ക്വാഡ് അംഗങ്ങൾ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു.


ഓട്ടോറിക്ഷയുടെ പിൻസീറ്റിന് താഴെ ചവിട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. മുൻവശത്തെ ഡാഷ്ബോർഡിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്ന് നിറച്ചു നൽകാനുള്ള പ്ലാസ്റ്റിക് കവറുകൾ, മൊബൈൽ ഫോൺ, അയ്യായിരം രൂപ, പാൻകാർഡ്, എടിഎം തുടങ്ങിയവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലശേരിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നു വിൽപ്പന പതിവാക്കിയ സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.


SCROLL FOR NEXT