കണ്ണൂർ പാനൂരിൽ പഠനാവിശ്യത്തിനായി വായ്പ എടുത്ത് നൽകി സഹായിച്ച ശേഷം പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. എഴുപതുകാരൻ ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ് കുട്ടി, പാതിരിയാട് സ്വദേശി ഷാജി എന്നിവരാണ് പിടിയിലായത്. വിഷാദ രോഗം ബാധിച്ച പെൺകുട്ടി, ചികിത്സക്കിടെ പീഡന വിവരം തുറന്നുപറയുകയായിരുന്നു.
പത്താം ക്ലാസിന് ശേഷം ഉന്നത പഠനത്തിന് പോകാൻ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് പാതിരിയാട് സ്വദേശി ഷാജി സോഷ്യൽ മീഡിയ വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്. കുട്ടിയുടെ വീട്ടിലെ സ്ഥിതി ചോദിച്ചറിഞ്ഞ ഷാജി, സഹായ വാഗ്ദാനം നൽകുകയായിരുന്നു. കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ് കുട്ടി എന്നിവരുടെ സഹായത്തോടെയാണ് ഇയാൾ പെൺകുട്ടിക്ക് പഠനാവിശ്യത്തിനായി 25,000 രൂപ വായ്പ എടുത്ത് നൽകിയത്.
ശേഷം തുടർപഠനത്തിനായി പെൺകുട്ടി ബെംഗളൂരുവിലെത്തി. പിന്നാലെയാണ് പ്രതികൾ ലൈംഗിക ചൂഷണം ആരംഭിച്ചത്. വായ്പ എടുത്ത് നൽകിയെന്ന പേരിലായിരുന്നു ചൂഷണം. ബെംഗളൂരുവിൽ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് വിളിച്ചിറക്കിയും, അവധിക്ക് നാട്ടിലെത്തുമ്പോൾ കൂത്തുപറമ്പിൽ വെച്ചുമായി ഒരു വർഷത്തിലേറെ പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. ഈ സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല.
കുടുംബം അറിയാതെയായിരുന്നു കുട്ടി സഹായം സ്വീകരിച്ചത്. അതിനാൽ ലൈംഗീക ചൂഷണത്തെക്കുറിച്ച് പുറത്ത് പറയാൻ സാധിച്ചില്ല. കുട്ടിക്ക് വിഷാദ രോഗം പിടിപെട്ടതോടെ സുഹൃത്തുക്കൾ, കാര്യം മനസ്സിലാക്കി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീട് പൊതു പ്രവർത്തകരുടെ സഹായത്തോടെ കുടുംബം പാനൂർ പൊലീസിൽ പരാതി നൽകി.