NEWSROOM

തെരഞ്ഞെടുപ്പിന് മുൻപേ ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി സംഘർഷം; മൂന്ന് ഭീകരരെ വധിച്ചെന്ന് സൂചന

രജൗരി ജില്ലയിൽ രഹസ്യവിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഭീകരരുടെ പ്രത്യാക്രമണം.

Author : ന്യൂസ് ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ജമ്മു കശ്മീരിൽ മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി ഏറ്റുമുട്ടൽ. സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരെന്ന് സംശയിക്കുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചതായാണ് സൂചന. ഇന്നലെ രാത്രിയായിരുന്നു സുരക്ഷാ സേനയും ഭീകരരും തമ്മിൽ സംഘർഷമുണ്ടായത്. രജൗരി ജില്ലയിൽ രഹസ്യവിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഭീകരരുടെ പ്രത്യാക്രമണം.

ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ കുപ്വാര ജില്ലയിലെ താങ്ധറിലാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. രണ്ടാമതായി മച്ച് സെക്ടറിലും പിന്നാലെ രജൗരിയിലും ഏറ്റുമുട്ടലുണ്ടായി. ഇന്നലെ രാത്രിയോടെ താങ്ധർ സെക്ടറിൽ ഭീകരരെ കണ്ടതിനെ തുടർന്ന് വൻ സൈനിക നീക്കമാണ് ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ നടന്നത്.

രജൗരി ജില്ലയിലെ ലാഥി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരുക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യത്തിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് ഭീകരരും സൈന്യവും തമ്മിലുള്ള വെടിവെയ്പ്പിലേക്ക് നയിച്ചു. കൊർദൻ മേഖലയിൽ രണ്ടോ മൂന്നോ ഭീകരർ തമ്പടിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അടുത്ത മാസം ജമ്മുകശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്.

അതേസമയം ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പീപ്പിള്‍ ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) സ്ഥാനാർഥി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയാകാന്‍ സാധിച്ചാലും പാർട്ടിയുടെ അജണ്ടകള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയിലാണ് തീരുമാനം. മെഹബൂബയ്ക്ക് പകരം മകള്‍ ഇല്‍തിജ മുഫ്തിയായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.


SCROLL FOR NEXT