NEWSROOM

തൃശൂരിൽ മൂന്ന് വയസുകാരിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് പൊലീസ്

വിദേശത്ത് നിന്നെത്തിയ അച്ഛനെ സ്വീകരിക്കാനെത്തി മടങ്ങും വഴി അങ്കമാലിയിലെ ഹോട്ടലിൽ നിന്നും ഒലിവീയയും കുടുംബവും ഭക്ഷണം കഴിച്ചിരുന്നു. തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ വെണ്ടോരില്‍ മൂന്നുവയസ്സുകാരിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് ആരോപണം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. അങ്കമാലിയിലെ ഹോട്ടലിൽ നിന്നുമാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

വിദേശത്തുനിന്നും നാട്ടിലെത്തിയ അച്ഛൻ ഹെൻട്രിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു ഒലിവിയ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ. വിമാനത്താവളത്തിൽ നിന്ന് തിരികെ മടങ്ങവെ അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും കുടുംബം ഭക്ഷണം കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി.

എന്നാൽ മൂന്ന് വയസുകാരി ഒലീവിയക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുടുംബം ചികിത്സതേടി. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.


തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഒലിവീയയുടെ പോസ്റ്റുമോർട്ടം നടത്തിയിട്ടുണ്ട്. മരണം ഭക്ഷ്യവിഷബാധയെ തുടർന്നാണ് ആരോപണം ഉയർന്നതോടെ പുതുക്കാട് പൊലീസും ആരോഗ്യവകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


SCROLL FOR NEXT