NEWSROOM

മാസങ്ങളോളം നീണ്ട കാത്തിരിപ്പിന് വിരാമം; തൃശൂർ നഗരത്തിൽ ആകാശപാത തുറന്നുനൽകി

നിരത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ 280 മീറ്റർ വൃത്താകൃതിയിലുള്ള പാത, നവീകരണത്തിൻ്റെ ഭാഗമായി പൂർണ്ണമായും ശീതീകരിച്ച് കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തൃശൂരിന്റെ ആകാശപാത വീണ്ടും ജനങ്ങൾക്കായി തുറന്ന് നൽകി. ശക്തൻ ബസ് സ്റ്റാൻഡിന് സമീപം നിരത്തിൽ നിന്ന് ആറ് മീറ്റർ ഉയരത്തിലുള്ള പാത 11 കോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്. തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷാണ് സാംസ്കാരിക നഗരത്തിൻ്റെ അലങ്കാരമായി മാറിയ പാത തുറന്നുനൽകിയത്.

ആകാശത്തേരിലേറി ഇനി തൃശൂർ നഗരത്തിലെത്തുന്നവർക്ക് വട്ടമിട്ട് പറക്കാം.കേരളത്തിലെ ആദ്യ ആകാശപാത കഴിഞ്ഞവർഷം ഓഗസ്റ്റ് 15 നാണ് ആദ്യം തുറന്ന് നൽകിയത്. ഉദ്ഘാടനം നടത്തി മാസങ്ങൾക്കകം കൂടുതൽ നവീകരണം നടത്താൻ കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. നിർമ്മാണം പൂർത്തീകരിക്കാൻ വൈകിയതിനെ ചൊല്ലി ഇക്കാലയളവിൽ ഒട്ടേറെ രാഷ്ട്രീയ തർക്കങ്ങൾക്കും ആകാശപാത കാരണമായി. ഇപ്പോഴിതാ മാസങ്ങളോം നീണ്ട കാത്തരിപ്പിന് വിരാമമായിരിക്കുകയാണ്.

നിരത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ 280 മീറ്റർ വൃത്താകൃതിയിലുള്ള പാത, നവീകരണത്തിൻ്റെ ഭാഗമായി പൂർണ്ണമായും ശീതീകരിച്ച് കഴിഞ്ഞു. 3 മീറ്റർ വീതിയുള്ള നടപ്പാതയിലേക്കെത്താനുള്ള പടിക്കെട്ടുകൾക്ക് പുറമെ , നാല് വശങ്ങളിലായി ലിഫ്റ്റും സുരക്ഷയ്ക്കായി 20 സിസിടിവി ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതൽ രാത്രി ഒൻപത് വരെ പാത തുറന്ന് പ്രവർത്തിക്കും. രണ്ട് സെക്യൂരിറ്റി ജീവനക്കാരുടെയും നാല് ലിഫ്റ്റ് ഓപ്പറേറ്റർമാരുടെയും സേവനവും ഇനി മുതലുണ്ടാകും.

ആകാശപ്പാതയുടെ സമർപ്പണം മന്ത്രി എം.ബി.രാജേഷും സൗരോർജ പാനലിന്റെയും സിസിടിവി കാമറകളുടെയും ഉദ്ഘാടനം മന്ത്രി കെ.രാജനും നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ബാലചന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരും പങ്കെടുത്തു.




SCROLL FOR NEXT