NEWSROOM

തൃശൂര്‍ എടിഎം കവര്‍ച്ച: കനത്ത പൊലീസ് കാവലില്‍ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

തൃശൂർ എസിപി സലീഷ് ശങ്കര്‍, ഈസ്റ്റ് സിഐ ജിജോ എം ജെ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

Author : ന്യൂസ് ഡെസ്ക്


തൃശൂര്‍ എടിഎം കവര്‍ച്ചാ കേസില്‍ ഇന്ന് പ്രതികളുമായി പൊലീസ് തെളിവെടുപ്പ്. കനത്ത പൊലീസ് കാവലില്‍ ആയിരിക്കും തെളിവെടുപ്പ്. ഷൊര്‍ണൂര്‍ റോഡിലെ എസ്.ബി.ഐ എടിഎം സെന്ററിലും കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെട്ട വഴികളിലും ആണ് തെളിവെടുപ്പ് നടത്തുന്നത്.

മോഷണം നടത്തിയ ശേഷം ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തും പ്രതികളെ എത്തിക്കും. തൃശൂര്‍ എസിപി സലീഷ് ശങ്കര്‍, ഈസ്റ്റ് സിഐ ജിജോ എം ജെ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.  ഹരിയാന പല്‍വാല്‍ സ്വദേശികളായ തെഹ്സില്‍ ഇര്‍ഫാന്‍, മുബാറക് ആദം, മുഹമ്മദ് ഇക്രാം, സാബിര്‍ ഖാന്‍, ഷൗക്കീന്‍ എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവര്‍ക്കെതിരെ കവര്‍ച്ചയ്ക്കു പുറമേ, സംഘടിത കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്.

67 ലക്ഷം രൂപയാണ് മൂന്നിടങ്ങളില്‍ നിന്നായി ഇവര്‍ കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന സംഘം സഞ്ചരിച്ച കണ്ടെയ്‌നര്‍, നാമക്കലിലെ വേപ്പടിയില്‍ വെച്ച് പൊലീസ് പരിശോധനക്കായി പിടികൂടിയപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസിന്റെ വെടിയേറ്റ് ജുമാലുദ്ദീന്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സഹായി ഹരിയാന സ്വദേശി ആസര്‍ അലി (30)യുടെ കാല്‍ മുറിച്ചുമാറ്റിയിരുന്നു.


രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കണ്ടെയ്‌നര്‍ തടഞ്ഞ നാട്ടുകാരും യാത്രികരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതോടെ സേലം പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തൃശൂരില്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാറും പണവും എടിഎം മെഷീന്‍ പൊളിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങളും കണ്ടെയ്‌നറില്‍ നിന്ന് കണ്ടെത്തിയത്. പഴയ എടിഎം മെഷീനുകള്‍ വാങ്ങി പരിശീലനം നടത്തിയ ശേഷമാണ് ഇവര്‍ കവര്‍ച്ചയ്ക്ക് ഇറങ്ങിയത്.




SCROLL FOR NEXT