വിവാദങ്ങൾക്കിടെ വീണ്ടും പരസ്പരം പുകഴ്ത്തി തൃശൂർ മേയർ എം.കെ വർഗീസും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും. അയ്യന്തോളിൽ നടന്ന പൊതുപരിപാടിയിലാണ് മേയറും കേന്ദ്ര മന്ത്രിയും തമ്മിൽ വീണ്ടും കണ്ടുമുട്ടിയത്.സുരേഷ് ഗോപിയെ ജനം വളരെ പ്രതീക്ഷയോടെ കാണുന്നുവെന്ന് മേയറും, പൂർണമായും വേറിട്ട രാഷ്ട്രീയമാണ് മേയറുടേതെന്ന് മന്ത്രിയും പറഞ്ഞു. എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച മേയറുടെ നിലപാടുകളെ ചൊല്ലി സിപിഐ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇവരുടെ കണ്ടുമുട്ടൽ.
യോഗത്തിൻ്റെ അധ്യക്ഷനായ മേയർ എം.കെ വർഗീസ് നടത്തിയ പ്രസംഗത്തിൽ പകുതിയിലേറെയും സുരേഷ് ഗോപിക്കുള്ള പ്രശംസകളായിരുന്നു. വേദിയിലിരുന്ന് മേയറുടെ പ്രസംഗം കേട്ട ഉദ്ഘാടകനായ കേന്ദ്ര മന്ത്രിയും വിട്ടുകൊടുത്തില്ല. തൃശൂരിൻ്റെ ഭാവിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയ പ്രസംഗത്തിൻ്റെ ആദ്യ ഭാഗത്ത് തന്നെ മേയറുടെയും രാഷ്ട്രീയത്തിനും നിലപാടുകൾക്കും സുരേഷ് ഗോപിയുടെ പ്രത്യേക അഭിനന്ദനമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സുരേഷ് ഗോപി മേയറെ സന്ദർശിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ സിപിഐ മേയർക്കെതിരെ കടുത്ത വിമർശനമുന്നയിച്ചു. സിപിഐ-സിപിഎം നേതാക്കൾ കൂടി പങ്കെടുത്ത പൊതുപരിപാടിയിൽ നടന്ന പ്രസംഗങ്ങൾ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി മുന്നിൽ കണ്ട് കൊണ്ടാണെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്.