തൃശൂർ മേയർ എം.കെ. വർഗീസ് രാജിവെക്കണമെന്നും മേയർക്ക് ഭൂരിപക്ഷം നഷ്ടമായെന്നും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. "സിപിഐ നേരെ തള്ളിപ്പറഞ്ഞതോടെ ഭൂരിപക്ഷം നഷ്ടമായി. ഒരു മാസമായി കോർപ്പറേഷൻ കൗൺസിൽ പോലും വിളിച്ചുകൂട്ടാൻ മേയർക്ക് ആയിട്ടില്ല. എം.കെ. വർഗീസ് ബിജെപിയെ സഹായിക്കുന്ന നിലപാട് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സ്വീകരിച്ചു എന്ന് പറയുന്നത് എൽഡിഎഫ് ആണ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബാന്ധവമാണ് തെരഞ്ഞെടുപ്പിൽ നടന്നത്.
"സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ഇത് പറഞ്ഞത് സിപിഐ ആണ്. സുരേഷ് ഗോപിയെ മേയർ പുകഴ്തിയപ്പോഴും സിപിഎം വിലക്കിയില്ല. സിപിഎം അറിവോടെയാണ് മേയറുടെ പ്രവൃത്തികൾ. ഭൂരിപക്ഷം നഷ്ടപെട്ട മേയർ രാജി വെയ്ക്കണം. സിപിഎം നിലപാട് വ്യക്തമാക്കണം. ഒരു മാസത്തിലധികമായി കൗൺസിൽ യോഗം കൂടിയിട്ട്. ജനങ്ങൾ ആകെ പ്രതിസന്ധിയിലാണ്. മേയർ രാജി വെച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ആരംഭിക്കാനാണ് കോൺഗ്രസ് തീരുമാനം. സിപിഎം മൗനം വെടിയണം. ഇത് ഇലക്ഷന് മുൻപേയുള്ള അവിശുദ്ധ ബന്ധത്തിന്റെ പുതിയ പുതിയ തെളിവുകൾ സുനിൽകുമാറിലൂടെ പുറത്തുവരികയാണ്," വി.കെ. ശ്രീകണ്ഠൻ വിമർശിച്ചു.
"വി.എസ്. സുനിൽ കുമാർ പറഞ്ഞതിൽ കാര്യമുണ്ട്. തൃശൂരിലെ പരാജയം ഗൗരവത്തോടെ കാണുന്നു. സുരേഷ് ഗോപിയുടെ വിജയം രാഷ്ട്രീയ വിജയമല്ല. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് സുനിൽകുമാറിന് ഇക്കാര്യം മനസിലായത്. ഞങ്ങൾ നേരത്തെ പറഞ്ഞു. സുനിൽ കുമാർ അനുഭവസ്ഥനായതിന് ശേഷം പറഞ്ഞു," വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.