തൃശൂർ പൂര വിവാദത്തില്‍ എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ട് തള്ളി സർക്കാർ. തുടരന്വേഷണം വേണമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്. അന്വേഷണ പരിധിയില്‍ എഡിജിപിയും ഉള്‍പ്പെടുമെന്നാണ് സൂചന. പൂരം കലക്കലില്‍ പുനരന്വേഷണം നടക്കുമെന്ന സൂചന മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ നല്‍കിയിരുന്നു. റിപ്പോർട്ടില്‍ ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
Also Read: 'വിധേയത്വത്തിനപ്പുറം ആത്മാഭിമാനം വലുത്, വൈകിട്ട് മാധ്യമങ്ങളെ കാണും'; വീണ്ടും പരസ്യപോരാട്ടത്തിന് പി.വി. അൻവർ
പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്നായിരുന്നു എഡിജിപിയുടെ റിപ്പോർട്ട്. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടില്‍ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതില്‍ വീഴ്ച പറ്റി. കമ്മീഷണറുടെ പരിചയക്കുറവാണ് വീഴ്ചയായെതെന്നുമായിരുന്നു റിപ്പോർട്ട്.
അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സർക്കാരിൻ്റെ കൈകളിലേക്ക് എത്തുന്നത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് എവിടെയെന്ന ചോദ്യം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന സംശയം സിപിഐ നേതാക്കളും ഉയർത്തി. ഇതിനു പിന്നാലെയാണ് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്.