തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച് എഡിജിപി എം.ആർ. ആജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് മുന്‍ എംപി കെ. മുരളീധരന്‍. എഡിജിപിയുടെ റിപ്പോർട്ട് തട്ടിക്കൂട്ടാണെന്നും മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അനുവദിക്കില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
Also Read: തൃശൂർ പൂരം വിവാദം: എഡിജിപിയുടെ റിപ്പോർട്ട് തള്ളി; തുടരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന്‍റെ അറസ്റ്റ് വൈകുന്നതിലും മുരളീധരന്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി. 48 മണിക്കൂർ കഴിഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പിണറായി വിജയൻ വേട്ടക്കാർക്ക് ഒപ്പമാണ്. പിണറായി സർക്കാർ സ്ത്രീവിരുദ്ധ സർക്കാരാണ്. ക്രൈംബ്രാഞ്ച് അന്വേഷണമാണ് വരുന്നതെങ്കിൽ അത് സിപിഐയെ തൃപ്തിപ്പെടുത്താനും അജിത് കുമാറിനെ സംരക്ഷിക്കാനുമാണെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, എഡിജിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വീണ്ടും അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്. പൂര സമയത്ത് ക്രമ സമാധാന നില പരിപാലിക്കുന്നതില്‍ എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപിയുടെ ശുപാർശയുണ്ടായിരുന്നു. സെപ്റ്റംബർ 23നാണ് എഡിജിപി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.