NEWSROOM

പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പൂർത്തിയായതായി എഡിജിപി

ആരോപണങ്ങളിൽ അന്വേഷണം നടത്തുകയും, മൊഴി രേഖപ്പെടുത്തിയിട്ടും ഉണ്ട്

Author : ന്യൂസ് ഡെസ്ക്

തൃശൂർ പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പൂർത്തിയായതായി എഡിജിപി അജിത്കുമാർ. ഒരാഴ്ചയ്ക്കകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും എഡിജിപി വ്യക്തമാക്കി. ആരോപണങ്ങളിൽ അന്വേഷണം നടത്തുകയും, മൊഴി രേഖപ്പെടുത്തിയിട്ടും ഉണ്ട്. മുൻ കമ്മീഷണർ അങ്കിത് അശോകിൻ്റെ മൊഴി രേഖപ്പെടുത്തിയെന്നും എഡിജിപി പറഞ്ഞു. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് പൊലീസ് വിവരാവകാശ പ്രകാരം നൽകിയ മറുപടി പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണം പൂർത്തിയായതായി എഡിജിപി അറിയിച്ചിരിക്കുന്നത്.

തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പൊലീസ് അട്ടിമറിച്ചതായി ആരോപിച്ച് വി എസ് സുനിൽകുമാർ രംഗത്തെത്തിയിരുന്നു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കും എന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയാണ്.പൊലീസ് ഉദ്യോഗസ്ഥർ ദേവസ്വങ്ങളുടെ മൊഴി രേഖപ്പെടുത്തിരുന്നു.ദേവസ്വങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് മറച്ചുവെക്കുകയാണ് ഇപ്പോൾ എന്നും വി എസ് സുനിൽകുമാർ ആരോപിച്ചു. അന്വേഷണം നീട്ടിക്കൊണ്ടു പോകാനാണെങ്കിൽ തനിക്കറിയാവുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്ന് പറയുമെന്നും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ പ്രകാരം അപേക്ഷ നൽകുമെന്നും വി എസ് സുനിൽകുമാർ വ്യക്തമാക്കിയിരുന്നു.

പൊലീസിൻ്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം അലങ്കോലമാകുവാൻ കാരണമെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ വി എസ് സുനിൽകുമാർ അടക്കമുള്ളവർ തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നിൽ എഡിജിപിയ്ക്ക് പങ്കുള്ളതായും ആരോപണം ഉയർന്നിരുന്നു.

SCROLL FOR NEXT