NEWSROOM

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

നേരത്തെ പൂര ദിനത്തില്‍ ഡ്യൂട്ടിയിലുണ്ടായ മെഡിക്കല്‍ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്



തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ മൊഴിയെടുക്കല്‍ ആരംഭിച്ചു. സംഭവത്തിൽ ദേവസ്വങ്ങളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. നേരത്തെ പൂര ദിനത്തില്‍ ഡ്യൂട്ടിയിലുണ്ടായ മെഡിക്കല്‍ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. കമ്മീഷണർ അങ്കിത് അശോകിനെതിരെയാണ് മെഡിക്കൽ സംഘം മൊഴി നല്‍കിയത്. പൂര ദിനത്തിലെ ആംബുലൻസ് ഓട്ടത്തെ ചൊല്ലി കമ്മിഷണർ ഫോണില്‍ കയർത്തെന്നാണ് മൊഴി.

അതേസമയം പൂര വിവാദം വീണ്ടും ചർച്ചയായ സാഹചര്യത്തിൽ മുൻ എഡിജിപി എം.ആർ. അജിത്കുമാറിന് തിരിച്ചടി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ തത്കാലം വിതരണം ചെയ്യേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയാണ് ഡിജിപിയുടെ ഓഫീസ്. ഡിജിപി ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചശേഷം മെഡൽ വിതരണം ചെയ്താൽ മതിയെന്നും നിർദേശമുണ്ട്.

തൃശൂർ പൂരം കലക്കലും അനുബന്ധമായി ഉയർന്നുവന്ന എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, പി.വി. അന്‍വറിന്‍റെ ആരോപണങ്ങള്‍ എന്നിവ പൊലീസ് തലപ്പത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരുന്നു. ആരോപണങ്ങളെ തുടർന്നാണ് എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍‌ നിന്നും മാറ്റിയത്. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കിയത്.

SCROLL FOR NEXT