തൃശൂർ പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം നടന്നില്ലെന്ന് വാദം തള്ളി തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും. അന്വേഷണം നടന്നിട്ടുണ്ട്. യഥാർത്ഥ വസ്തുതകളും കാര്യങ്ങളും മൊഴി നൽകിയിട്ടുണ്ട്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അന്തരാഷ്ട്ര ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയുടെ തെളിവ് പക്കലുണ്ട്. പൂര ദിവസം വനം വകുപ്പാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊലീസ് അന്വേഷണം അട്ടിമറിച്ചു എന്നാണ് മനസിലാക്കുന്നതെന്നും സെക്രട്ടറി ആരോപിച്ചു.
വിദേശ ഫണ്ടുകൾ അടക്കം പൂരവുമായി ബന്ധപ്പെട്ട് വരുന്നുണ്ട്.അത്തരം സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഗൂഡാലോചന സംശയിക്കുന്നത്. പൂരം കലക്കുന്നതിന് പിന്നിൽ ഒരു അന്താരാഷ്ട്ര ലോബി പ്രവർത്തിക്കുന്നുണ്ട്. പൂരത്തിന് പിന്നിൽ തങ്ങൾ രാഷ്ട്രീയം കാണുന്നില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, പൊലീസിന് മൊഴി നൽകിയിരുന്നതായും
മൊഴിയെടുക്കാൻ എഡിജിപി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥൻ എത്തിയിരുന്നതായും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ വ്യക്തമാക്കി. എന്നാൽ അന്വേഷണം എങ്ങനെയാണ് നടന്നതെന്നതിനെ കുറിച്ച് ധാരണ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.