തൃശൂർ ആകാശ പാത 
NEWSROOM

തൃശൂരിലെ ആകാശപാത അടഞ്ഞുതന്നെ; നവീകരണത്തിനു ശേഷം തുറക്കുമെന്ന പ്രഖ്യാപനത്തില്‍ നടപടികളുണ്ടായില്ല

ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിക്കാത്തതാണ് പാത തുറക്കുന്നതിലെ തടസമെന്നാണ് തൃശൂർ കോർപ്പറേഷനിലെ പ്രതിപക്ഷത്തിന്‍റെ ആരോപണം

Author : ന്യൂസ് ഡെസ്ക്

നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ട തൃശൂരിലെ ആകാശ പാത തുറക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഈ വർഷം ജൂണിൽ പാത തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ തുടർ നടപടികളുണ്ടായിട്ടില്ല. അതേസമയം ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിക്കാത്തതാണ് പാത തുറക്കുന്നതിലെ തടസമെന്നാണ് തൃശൂർ കോർപ്പറേഷനിലെ പ്രതിപക്ഷത്തിന്‍റെ ആരോപണം.

എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2023 ആഗസ്റ്റ് 15 നാണ് തൃശൂർ ശക്തൻ നഗറിലെ ആകാശപാത ജനങ്ങൾക്ക് തുറന്ന് നൽകിയത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 8 കോടി രൂപ ചെലവിൽ നിർമ്മിച്ച പാത പക്ഷെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായത് ചുരുങ്ങിയ മാസങ്ങൾ മാത്രമാണ്. തുടർന്ന് ഈ വർഷം മെയിലാണ് രണ്ടാം ഘട്ട നവീകരണത്തിനായി അടച്ചത്. നവീകരണ ജോലികൾ നടക്കുന്നുണ്ടെങ്കിലും അവ പൂർത്തീകരിച്ച് പാത തുറക്കാൻ കോർപ്പറേഷൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം .

രണ്ട് ലിഫ്റ്റുകൾ, സോളാർ സംവിധാനം, ഫുൾ ഗ്ലാസ് ക്ലാഡിങ്ങ് കവർ , സെൻട്രലൈസ്ഡ് എസി തുടങ്ങിയവയാണ് രണ്ടാം ഘട്ട വീകരണത്തിന്‍റെ ഭാഗമായി പാതയിൽ ഒരുക്കാനുള്ളത്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെയാണ് മുൻപ് പാത തുറന്ന് നൽകിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും ഉടൻ തുറന്ന് നൽകുമെന്നുമാണ് ഭരണപക്ഷം നൽകുന്ന വിശദീകരണം.

തൃശൂർ നഗരത്തിലെ പ്രധാനപ്പെട്ട നാല് റോഡുകൾ സംഗമിക്കുന്ന ശക്തൻ നഗറിൽ അപകടങ്ങൾ പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആകാശ പാത നിർമ്മിച്ചത്. കഴിഞ്ഞ വർഷം തുറന്ന് നൽകിയ പാത നഗരത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു.

SCROLL FOR NEXT