മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 25നാണ് തിയേറ്ററിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അറൈവല്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തില്‍ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. അറൈവല്‍ ടീസറില്‍ ഷണ്മുഖത്തിന്റെ വീട് കാണിച്ച ശേഷം, വീട്ടിനുള്ളിലെ ചില ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. മമ്മൂട്ടിക്കും കമല്‍ ഹാസനും ഒപ്പം ഷണ്മുഖം നില്ക്കുന്ന ചിത്രങ്ങളാണ് വീട്ടിലുള്ളത്. ഇവര്‍ക്കെന്താ ഇവിടെ കാര്യം എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്.
അതേസമയം ചിത്രം ദൃശ്യം പോലൊരു സിനിമയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞതില്‍ തരുണ്‍ മൂര്‍ത്തി വ്യക്തത വരുത്തിയിരുന്നു. സാധാരണക്കാരനാണ് ചിത്രത്തിലെ ഷണ്മുഖം എന്ന ടാക്സി ഡ്രൈവര്‍, അതുപോലെ തന്നെ കുടുംബം എന്നത് സിനിമയില്‍ വലിയൊരു ഫാക്ടറാണ്. അതുകൊണ്ടെല്ലാം ആയിരിക്കാം മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞതെന്നാണ് തരുണ്‍ പറയുന്നത്. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് തരുണ്‍ ഇതേ കുറിച്ച് സംസാരിച്ചത്.
15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ സ്ക്രീനിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. 2 മണിക്കൂര്‍ 46 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്.
കെ ആര് സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര് സുനിലും ചേര്‍ന്നാണ്. 99 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പല ഷെഡ്യൂളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നവംബറില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന് പിള്ള രാജു, ഫര്ഹാന് ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു.