NEWSROOM

തഗ് ലൈഫും നായകനും കാണുമ്പോള്‍ അക്രമത്തിന്റെ അര്‍ത്ഥശൂന്യത മനസിലാകും: കമല്‍ ഹാസന്‍

തഗ് ലൈഫിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നവും കമല്‍ ഹാസനും ഒരുമിച്ചാണ് എന്ന പ്രത്യേകതയുമുണ്ട്

Author : ന്യൂസ് ഡെസ്ക്


കമല്‍ ഹാസന്‍ - മണിരത്‌നം കോമ്പോ 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. 1987ല്‍ റിലീസ് ചെയ്ത നായകനാണ് ഇരുവരും ആദ്യമായി ഒന്നിച്ച സിനിമ. ഈ ലെജന്‍ഡറി കോമ്പോ ഒരുക്കിയ ചിത്രം സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. തഗ് ലൈഫിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇരുവരും ഒരുമിച്ചാണ് എന്ന പ്രത്യേകതയുമുണ്ട്.

ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസന്‍ തനിക്കും മണിരത്‌നത്തിനും ഒരേ വേവ്‌ലെങ്ത്താണെന്ന് പറഞ്ഞു. "ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണ് ഈ സിനിമ എഴുതിയത്. ഒരുമിച്ച് എഴുതി എന്ന് പറയുമ്പോള്‍ രണ്ട് പേനകള്‍ ഒരുമിച്ച് കുത്തിക്കുറിച്ചു എന്നല്ല അര്‍ത്ഥം. ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കുകയും അമര്‍ ഹേ എന്ന പേര് നല്‍കുകയും ചെയ്തു. ഞാന്‍ കഥയ്‌ക്കൊരു രൂപം കൊടുത്തു. മണി ആ ഐഡിയ എടുക്കുകയും അതിനെ കൂടുതല്‍ അലങ്കരിക്കുകയും ചെയ്തു", കമല്‍ ഹാസന്‍ പറഞ്ഞു.

"ഒരു സിനിമയെ സംബന്ധിച്ച് വാണിജ്യപരമായ ചിന്തകള്‍ ആവശ്യമാണ്. ഞങ്ങള്‍ വാണിജ്യ സിനിമയെ ഉപേക്ഷിച്ചിട്ടില്ല. ഇത്തവണ ഗെയിം അപ്പ് ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്', എന്നും കമല്‍ ഹാസന്‍ പറഞ്ഞു. നായകന് ശേഷം മണിരത്‌നവും താനും എപ്പോഴും സംസാരിച്ചിരുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ ദൂരം തോന്നിയിരുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 'സിനിമയെ കുറിച്ച് ഞങ്ങള്‍ ഒരുപാട് കാലമായി സംസാരിക്കുന്നുണ്ട്. എപ്പോള്‍ സംസാരിക്കുമ്പോഴും സിനിമാ മേഖലയിലെ രാഷ്ട്രീയത്തെ കുറിച്ചല്ല ഞങ്ങള്‍ ചര്‍ച്ച ചെയ്യാറ്. മറിച്ച് ഞങ്ങള്‍ ചെയ്യുന്ന സിനിമകളെ കുറിച്ചാണ് സംസാരിക്കാറ്. ഈ കോമ്പോയെ ഞങ്ങള്‍ കൊമേഷ്യലൈസ് ചെയ്തിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ അത് ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ ചിന്തിക്കുന്നത് ഒരുപോലെയാണ്. അങ്ങനെയാണ് നമ്മള്‍ സുഹൃത്തുക്കളെ കണ്ടെത്തുന്നത്", കമല്‍ ഹാസന്‍ വ്യക്തമാക്കി.

"സെറ്റില്‍ ഞാനും മണിയും തമ്മില്‍ ഒരു കണക്ഷന്‍ ഉണ്ടെന്ന് ആളുകള്‍ ശ്രദ്ധിച്ചിരുന്നു. അതൊരു രഹസ്യമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ എല്ലാവര്‍ക്കും അത്  അറിയാമായിരുന്നു", എന്നും അദ്ദേഹം പറഞ്ഞു.

"എന്നില്‍ ഞാന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളുമുണ്ട്. എല്ലാ കൊലപാതകികളും രക്തം കട്ടപിടിക്കുന്ന അലര്‍ച്ചകളും", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്രമത്തെ കുറിച്ച് സിനിമ നിര്‍മിക്കുന്നവര്‍ അക്രമത്തെ വെറുക്കുന്നവരാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. "ജാക്കി ജാന്‍ സിനിമകള്‍ കാണുമ്പോള്‍ നിങ്ങള്‍ അക്രമത്തെ വെറുക്കുന്നില്ല. കാരണം അത് തമാശ രീതിയിലാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ തഗ് ലൈഫോ നായകനോ കാണുമ്പോള്‍ നിങ്ങള്‍ക്ക് അക്രമത്തിന്റെ അര്‍ത്ഥശൂന്യത മനസിലാകും. അതൊരു വിനോദമല്ല. ഉത്തരവാദിത്തമാണ്", കമല്‍ ഹാസന്‍ വ്യക്തമാക്കി.

SCROLL FOR NEXT