NEWSROOM

"കലയ്ക്ക് കാത്തിരിക്കാം, ഇപ്പോള്‍ ഇന്ത്യയാണ് പ്രധാനം"; തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വെച്ച് കമല്‍ ഹാസന്‍

2025 ജൂണ്‍ 5നാണ് കമല്‍ ഹാസന്‍ നായകനായി എത്തുന്ന മണിരത്‌നം ചിത്രം റിലീസ് ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്



ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തഗ് ലൈഫ് എന്ന തന്റെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മാറ്റി വെച്ച് കമല്‍ ഹാസന്‍. മെയ് 16ന് നടക്കാനിരുന്ന ഓഡിയോ ലോഞ്ചാണ് മാറ്റി വെച്ചത്. ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെയാണ് കമല്‍ ഹാസന്‍ ഇക്കാര്യം അറിയിച്ചത്. "കലയ്ക്ക് കാത്തിരിക്കാം, ഇപ്പോള്‍ ഇന്ത്യയാണ് പ്രധാനം" എന്ന തലക്കെട്ടോടെയാണ് വാര്‍ത്താ കുറിപ്പ് ആരംഭിക്കുന്നത്.

വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മെയ് 16 ന് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് മാറ്റി വെച്ചതായി അറിയിക്കുന്നു. നമ്മുടെ സൈനികര്‍ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തില്‍ അചഞ്ചലമായ ധൈര്യത്തോടെ മുന്‍നിരയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, ഇത് ആഘോഷിക്കാനുള്ള സമയമല്ല, നിശബ്ദ ഐക്യദാര്‍ഢ്യത്തിനുള്ള സമയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പുതിയ തീയതി പിന്നീട്, കൂടുതല്‍ ഉചിതമായ സമയത്ത് പ്രഖ്യാപിക്കും. ഈ സമയത്ത്, നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ നിലകൊള്ളുന്ന നമ്മുടെ സായുധ സേനയിലെ ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ചിന്തകള്‍ക്കൊപ്പമാണ്. പൗരന്മാരെന്ന നിലയില്‍, സംയമനത്തോടെയും ഐക്യദാര്‍ഢ്യത്തോടെയും പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്.

2025 ജൂണ്‍ 5നാണ് കമല്‍ ഹാസന്‍ നായകനായി എത്തുന്ന മണിരത്‌നം ചിത്രം റിലീസ് ചെയ്യുന്നത്. സിലംബരശന്‍, തൃഷ, നാസര്‍, ജോജു ജോര്‍ജ്, അലി ഫസല്‍, അശോക് സെല്‍വന്‍, നാസര്‍, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രാഹകന്‍- രവി കെ ചന്ദ്രന്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ സംവിധായകരായ അന്‍ബരിവ് എന്നിവര്‍ തഗ് ലൈഫിന്റെ സാങ്കേതിക സംഘത്തിലുണ്ട്. കമല്‍ ഫിലിം ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്‌നം, ആര്‍ മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവരാണ് തഗ് ലൈഫിന്റെ നിര്‍മ്മാതാക്കള്‍.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.


SCROLL FOR NEXT