നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷിബിന്‍ വധക്കേസില്‍ ഏഴ് പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. വിചാരണ കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇന്നലെ നെടുമ്പാശേരിയിലെത്തിയ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ വധക്കേസിലെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്ത് ഒക്ടോബര്‍ 15നുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനിടെയാണ് കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കാനിരിക്കെ വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആറ് പ്രതികളെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
2015 ജനുവരി 28നാണ് നാദാപുരം വെള്ളൂരില്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. വർഗീയവും രാഷ്ട്രീവുമായ കാരണങ്ങളാൽ മുസ്ലിം ലീഗ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ഷിബിൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ ഷിബിൻ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ALSO READ: കേരള തീരത്ത് റെഡ് അലേര്‍ട്ട്; ശക്തമായ മഴയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത
കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതി 17 പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ഷിബിന്‍റെ പിതാവും സർക്കാരും സംഭവത്തിൽ പരിക്കേറ്റവരുമാണ് അപ്പീൽ ഹർജി നൽകിയത്. പ്രതികളുടെ കാര്യത്തിൽ കുറ്റകൃത്യത്തിന് മതിയായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്നും ഇത് ശരിയായ രീതിയിൽ വിചാരണ കോടതി പരിഗണിച്ചിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.